കാഞ്ഞങ്ങാട്: ലോക്ക്ഡൗണിൽ ഉപാധികളോടെ സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചിട്ടും പ്രയോജനപ്പെടാതെ ഗ്രാമീണ മേഖല. ഉൾനാടൻ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തേണ്ട ബസുകളെല്ലാം കൂടുതൽ വരുമാനം ലഭിക്കുന്ന റൂട്ടുകളിൽ മാത്രമായി കേന്ദ്രീകരിക്കുകയാണ്.

കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയിലേക്കും മലയോര ഇടനാടൻ പ്രദേശങ്ങളിലേക്കും ഓടേണ്ട ബസുകളെല്ലാം നീലേശ്വരം-കാഞ്ഞങ്ങാട് നഗരസഭകളെ ബന്ധിപ്പിച്ചുള്ള ദേശീയപാതയിലായി ചുരുങ്ങി. ഹൈവേ വഴി പെർമിറ്റ് പോലുമില്ലാത്ത ബസുകൾ വരെ ഈ വിധത്തിൽ ഓടുന്നുണ്ട്. ഇതോടെ ഗ്രാമീണ മേഖല തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ദേശസാൽകൃത പാതയിൽ കെ.എസ്.ആർ.ടി.സി നാമമാത്ര സർവീസ് മാത്രമായി ഓടുന്നതും യാത്രക്കാരുടെ എണ്ണക്കൂടുതലുമാണ് ഇത്തരത്തിൽ സർവീസ് നടത്താൻ കാരണം. അതേസമയം ഈ റൂട്ടിൽ തന്നെ പെർമിറ്റുള്ള ബസുകളിൽ പലതും ഓടിത്തുടങ്ങാത്തതും ഇവർക്ക് ഗുണകരമായിട്ടുണ്ട്.

ബസുടമസ്ഥ സംഘടനകളുമായി ചർച്ച നടക്കുന്നതായും തിങ്കളാഴ്ചയോടെ കൂടുതൽ ബസുകൾ ഓടിത്തുടങ്ങിയേക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് ശേഷം നിയമം കർശനമായി നടപ്പാക്കും.ഇതിനിടെ ചില റൂട്ടുകളിൽ നിശ്ചയിച്ചതിലേറെ യാത്രക്കാരെ കയറ്റുന്നതായും ആക്ഷേപമുണ്ട്. രാവിലെയും വൈകിട്ടുമാണ് യാത്രക്കാരെ നിർത്തി കൊണ്ടു പോകുന്നത്. പാണത്തൂർ-കാഞ്ഞങ്ങാട് റൂട്ടിലും ദേശീയപാതയിലും സർവീസ് നടത്തുന്ന ബസുകൾക്കെതിരെയാണ് ആക്ഷേപം ഉയരുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ച് ഇപ്പോഴും ജാഗ്രതയില്ലാത്ത യാത്രക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ജീവനക്കാരെ ഇത്തരത്തിൽ സർവീസ് നടത്താൻ നിർബന്ധിതരാക്കുന്നുണ്ട്.