കാസർകോട്: രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും പിലിക്കോട് സ്വദേശിയായ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. കുവൈത്തിൽ നിന്ന് വന്ന പിലിക്കോട് കൊടക്കാട് സ്വദേശിനിയായ 33 കാരിയുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

മാർച്ച് 19ന് കുവൈത്തിൽ നിന്ന് എത്തിയ യുവതി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഗൾഫിൽ നിന്ന് നാട്ടിൽ എത്തുന്ന മുഴുവൻ ഗർഭിണികളുടേയും സ്രവം ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയ്ക്ക് എടുക്കുന്നുണ്ട്. ഇവരെ വീടുകളിലേക്ക് നിരീക്ഷണത്തിൽ കഴിയാൻ വിടുന്നുമുണ്ട്. യുവതിയുടെ കൂടെ 10 വയസുള്ള മകനും ഉണ്ടായിരുന്നു. അമ്മയുടെ പരിചരണത്തിലാണ് വീട്ടിൽ കഴിഞ്ഞിരുന്നത്.

കൊവിഡ് സ്ഥിരീകരിച്ചതിനാൽ യുവതിയെ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മയുടെയും കുഞ്ഞിന്റെയും സ്രവം ഇന്ന് എടുക്കും. രോഗലക്ഷണം ഇല്ലാത്തവർക്കും പരിശോധനയിൽ രോഗം ഉണ്ടെന്ന് തെളിയുന്ന സാഹചര്യം ആണ് ജില്ലയിലുള്ളത്. ഇത് സമൂഹ വ്യാപനത്തിന് വഴിവെച്ചേക്കും. പ്രതിരോധ ശേഷി കൂടുതൽ ഉള്ളതിനാലാണ് രോഗം ബാധിക്കാത്തത്. ഇത്തരക്കാരുടെ ശരീരത്തിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

ഇടുക്കി സ്വദേശിനിയുടെ കൂടെ എത്തിയ മൂന്ന് പേർ നിരീക്ഷണത്തിൽ

ഇടുക്കിയിലെ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്ത മൂന്ന് കാസർകോട് സ്വദേശികളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. ഇന്നലെ ഇവരെ കണ്ടെത്തി പരിശോധനക്കായി സ്രവം എടുത്തു. ഒരാഴ്ച മുമ്പ് ഡൽഹിയിൽ നിന്നെത്തിയ ട്രെയിനിൽ യാത്ര ചെയ്ത ഇടുക്കി സ്വദേശിയായ പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് ഇടുക്കി ഡി.എം.ഒയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ചെങ്കള സ്വദേശികളായ രണ്ടുപേരും പിലിക്കോട് സ്വദേശിയായ മറ്റൊരാളും ആണ് നിരീക്ഷണത്തിലായത്.