പട്ടുവം: കാടിനുള്ളിൽ തനിച്ചായി ക്വാറന്റൈനിൽ കഴിയുന്ന യുവാവിനെ മാറ്റിപ്പാർപ്പിച്ചേക്കും. മുംബയിലെ ദാരാവിയിൽ നിന്നുമെത്തിയ പട്ടുവം മാണുക്കര സ്വദേശിയെയാണ് വിജനമായ പ്രദേശത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്.
മുതുകുട ഇല്ലത്തെ മൊട്ടയിൽ സംസ്‌കൃതിയുടെ കെട്ടിടമാണ് ക്വാറന്റൈൻ കേന്ദ്രം.ഇയാളെ ആദ്യം കണ്ണൂർ താവക്കരയിലാണ് നിരീക്ഷണത്തിലാക്കിയത്. എന്നാൽ ഇവിടെ പലരും വീടുകളിലേക്ക് മടങ്ങിയതോടെ ഇയാൾ തനിച്ചായി. തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് ആബുലൻസിൽ പട്ടുവത്തെത്തിച്ച് ക്വാറന്റൈനിലേക്ക് മാറ്റുകയായിരുന്നു. ഇങ്ങനെയാണ് മുതുകുടയിലെത്തുന്നത്. മുതുകുട റോഡരികിലാണ് കെട്ടിടമെങ്കിലും കെട്ടിടത്തിന് ചുറ്റും വലിയ കാടാണ്.
കുരങ്ങിൻ കൂട്ടങ്ങളുടെ ശല്യവും കുറുക്കന്മാരും മുള്ളൻപന്നികളും ഉടുമ്പുകളും വിഷപ്പാമ്പുകളുമെല്ലാം ഇവിടെ വസിക്കുന്നുണ്ട്. കെട്ടിടത്തിൽ നാല്പതോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ടെങ്കിലും മറ്റാരും നിരീക്ഷണത്തിലില്ലാത്തതാണ് ഇത്തരമൊരു സ്ഥിതിയുണ്ടാക്കിയത്. പട്ടുവത്ത് മോഡൽ റസിഡൻഷ്യൽ സ്‌കൂളും ക്വാറന്റൈൻ കേന്ദ്രമാണെങ്കിലും ഇവിടെയും ആരെയും നിരീക്ഷണത്തിലാക്കിയിട്ടില്ല.