തൃക്കരിപ്പൂർ: ബീരിച്ചേരി മത്സ്യ മാർക്കറ്റിൽ നിന്നും ആരോഗ്യ വകുപ്പധികൃതർ പഴകിയ മത്സ്യം പിടിച്ചെടുക്കുന്നത് ഒരു സംഘം പേർ തടഞ്ഞതായി പരാതി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പഴകിയ മത്തി വിൽപ്പന ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് എച്ച്.ഐ.വിനോദന്റെ നേതൃത്വത്തിലുളള ആരോഗ്യ വകുപ്പധികൃതർ സ്ഥലത്തെത്തിയത്. എന്നാൽ ഇതിനിടയിൽ ഒരു സംഘം ആളുകൾ ഉദ്യോഗസ്ഥരെ തടയുകയാണ് ഉണ്ടായത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ സഹായത്തോടെ ഉപയോഗശൂന്യമായ മത്തി പിടിച്ചെടുത്ത് നശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കാരണത്താൽ ആരോഗ്യ വകുപ്പധികൃതർ ഫുഡ് സേഫ്റ്റി വിഭാഗത്തിന് പരാതി നൽകി. ജൂനിയർ എച്ച്.ഐ മാരായ രാജേഷ് പുറവങ്കര, കൃഷ്ണൻ മുട്ടത്ത്, സിവിൽ വളണ്ടിയർ പി.വി. രാഗേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.