ഇരിക്കൂർ(കണ്ണൂർ): മഴയ്ക്കുമുമ്പെ ആശങ്ക പെയ്യുകയാണ് ഷൈനിയുടെ മനസിൽ. മഴയൊന്നു തിമർത്താൽ, കാറ്റ് ആഞ്ഞു വീശിയാൽ ചോരുന്നതാണ് കൂര. പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച മേൽക്കൂരയക്കുള്ളിലാണ് ഈ വീട്ടമ്മയും രണ്ട് മക്കളും കഴിയുന്നത്. തല ചായ്ക്കാൻ സുരക്ഷിതമായ വീട് എന്നത് ഇവർക്ക് സ്വപ്നം മാത്രം.
പടിയൂർ പഞ്ചായത്തിലെ ആര്യങ്കോട് സ്വദേശിനിയായ കുറ്റിക്കൽ ഷൈനിയും രണ്ട് മക്കളുമാണ് പട്ടയമില്ലാത്തതിനാൽ ദുരിത ജീവിതത്തെ പഴിച്ച് കഴിയുന്നത്.
കാൽ നൂറ്റാണ്ടായി സ്ഥലത്തിന്റെ പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഷൈനി. മാസങ്ങൾക്ക് മുമ്പ് ആര്യങ്കോട് മേഖലയിൽ പട്ടയവിതരണം നടത്തിയിട്ടും ഈ കുടുംബത്തിന്റെ അപേക്ഷകൾ ആരും കണ്ടില്ല....
നാല് വർഷം മുമ്പാണ് ഈ കൂര നിർമ്മിച്ചത്. കൂലിപ്പണിയ്ക്കു പോയാണ് ഈ അമ്മ മക്കളെ പോറ്റുന്നത്. പഠനത്തിൽ മികച്ച വിജയം നേടിയിരുന്ന മക്കളെ കൂടുതൽ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അതും ഒരു സ്വപ്നമായി മാറി. പ്രായപൂർത്തിയായ മകളെ ഈ കുടിലിൽ താമസിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാൽ ഹോസ്റ്റലിൽ നിർത്തിയിരിക്കുകയാണ്. വാടക വീട്ടിൽ താമസിച്ചുപോന്നിരുന്നപ്പോൾ മകളുടെ ഹോസ്റ്റൽ ഫീസും വീട്ടുവാടകയും താങ്ങാൻ സാധിക്കാതെ വന്നതോടെ താമസം വീണ്ടും കുടിലിലേക്ക് മാറ്റി.
അമ്മയുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും കണ്ട് വളർന്ന മകൻ അമ്മയെ സഹായിക്കാനായി ഒൻപതാംക്ലാസ് പഠനത്തോടെ പഠിപ്പ് നിർത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങി. ബാങ്ക് വായ്പകളോ മറ്റ് കടങ്ങളോ ഒന്നും ഇല്ലാത്തതു മാത്രമാണ് ഏക ആശ്വാസം. സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പ്പകൾ നൽകുന്നില്ല.
കുടിവെള്ളത്തിനായി സമീപ വീടുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും പ്രഭാതകൃത്യങ്ങൾക്കായി കക്കൂസ് പോലും ഈ കുടുംബത്തിന് അന്യമാണ്. സഹായിക്കാൻ സർക്കാരോ സന്നദ്ധ സംഘടനകളോ മുന്നോട്ട് വരണമെന്നാണ് ഇവരുടെ അഭ്യർഥന.
ബൈറ്റ്
ഷൈനിയുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ആവശ്യമായതു ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്
കെ..ദിവാകരൻ, തഹസിൽദാർ