ഉദുമ: ആർത്തലച്ചെത്തുന്ന തിരമാലകളിൽ നിന്ന് സ്വന്തം വീടിനെയും കുടുംബത്തെയും രക്ഷിക്കാൻ മണൽ ചാക്കുകൾ നിരത്തി ഭിത്തി തീർക്കുകയാണ് കോട്ടിക്കുളം ഗോപാൽപേട്ടയിലെ മോഹനൻ. നാല് വർഷം മുമ്പാണ് ഇവിടെ കടൽഭിത്തി തകർന്നത്. ഇതോടെ കടലാക്രമണ ഭീഷണി നേരിടുകയാണ് മോഹനന്റെ വീട്. ഇനി കടലെടുക്കാൻ കരയുടെ രണ്ട് മീറ്റർ നീളം മാത്രമേ ബാക്കിയുള്ളു.
മഴക്കാലത്ത് തിര വന്നടിക്കുന്നത് വീടിന്റെ ചുമരിലേക്കാണ്. ഒരു ചാക്കിന് നാല് രൂപ കൊടുത്ത് കടകളിൽ നിന്ന് ശേഖരിച്ച 350 ഓളം ചാക്കുകളിൽ മണൽ നിറച്ച് ഭിത്തി തീർത്തിരിക്കുകയാണ് ഇപ്പോൾ. ഇനിയും മണൽ ചാക്കു കൊണ്ടുള്ള ഭിത്തി തീർക്കാനുള്ള ശ്രമത്തിലാണ് മോഹനൻ. അടുത്തൊ കടലാക്രമണത്തിൽ ആദ്യം കടലെടുക്കുന്നത് അറുപതുകാരനായ തന്റെ വീടായിരിക്കുമോയെന്നാണ് ഇയാളുടെ ആശങ്ക.
പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പും പലതവണ വന്ന് നോക്കി പോയതല്ലാതെ ഭീഷണിയൊഴിവാക്കാൻ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. മൂന്ന് സെന്റ് മാത്രം സ്ഥലത്താണ് 35 വർഷത്തിലേറെ പഴക്കമുള്ള വീട്.
നാല് മക്കൾ ഉൾപ്പെടെ 13 പേരാണ് വീട്ടിലുള്ളത്. മോഹനന്റെ ഭാര്യ കാർത്ത്യായണിയുടെ ഹൃദ്രോഗികളായ രണ്ട് സഹോദരിമാരും ഇവരോടൊപ്പമാണ് താമസം.
മോഹനനും കുടുംബത്തിനും മാറി താമസിക്കാൻ ഫിഷറീസ് വകുപ്പ് 10 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. ഇതിൽ 6 ലക്ഷം രൂപ മൂന്ന് സെന്റ് ഭൂമി വാങ്ങാനും 4 ലക്ഷം രൂപ വീട് പണിയാനുമാണ്. എന്നാൽ ഭൂമിയുടെ വില ആറ് ലക്ഷത്തിന് താഴെയാണെങ്കിൽ ബാക്കി തുക കുടുംബത്തിന് നൽകുകയുമില്ല. മൂന്ന് സെന്റ് ഭൂമി ലഭിച്ചാൽ തന്നെ നല്ലൊരു വീട് വെക്കാൻ ഈ തുക കൊണ്ട് സാധിക്കില്ല. മാത്രമല്ല മത്സ്യത്തൊഴിലാളികളായതിനാൽ കടലോരത്തിനടുത്ത് 2 കീലോമീറ്റർ പരിധിയിൽ ഭൂമി ലഭിക്കണം. എന്നാൽ മാത്രമേ തൊഴിലെടുക്കാനും സാധിക്കുകയുള്ളു. വാർദ്ധക്യ സഹജമായ അസുഖമുള്ളതിനാൽ മോഹനൻ കടലിൽ മത്സ്യബന്ധനത്തിന് പോകാറില്ല.
പ്രദേശത്ത് ശ്യാമള ചന്ദ്രൻ, സരോജിനി വത്സലൻ, കല്യാണി സുരേഷ്, ചന്ദ്രിക, സുജിത്ത് എന്നീ അഞ്ച് കുടുംബങ്ങളുടെ വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.