നീലേശ്വരം: റോഡ് വീതി കൂട്ടാനും വളവ് നികത്താനും വേണ്ടി മണ്ണെടുത്ത ഭാഗം ഏതു നിമിഷവും ഇടിയാൻ പാകത്തിൽ നിൽക്കുന്നത് പ്രദേശത്തെ വീട്ടുകാരുടെ ഉറക്കംകെടുത്തുന്നു. മഴകൂടി ശക്തമാകുന്നതോടെ ഇവരുടെ ആധി ഇരട്ടിക്കും. അരയാകടവ് - മുക്കട റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ചെറുംപെരിങ്കുളം വളവിൽ മണ്ണിടിച്ച ഭാഗമാണ് ഇടിയാൻ പാകത്തിൽ നിൽക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ ഒരു ഭാഗത്ത് മണ്ണിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇവിടെ താമസിക്കുന്നവർ മാറി താമസിക്കുകയായിരുന്നു.
കരാറുകാരൻ അശാസ്ത്രീയമായി മണ്ണെടുത്തതിനാലാണ് അപകട ഭീഷണിയിലായതെന്ന് നാട്ടുകാർ പറയുന്നു. മഴയ്ക്കുമുമ്പ് ഇവിടെ കല്ല് പാകി അരികുകെട്ടിയില്ലെങ്കിൽ ഈ വർഷവും കനത്തമഴയിൽ കുന്ന് ഇടിയാനാണ് സാദ്ധ്യത.
മണ്ണെടുക്കുമ്പോൾ തന്നെ പരിസരവാസികൾ ഇതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞിരുന്നു. ഇതൊന്നും ഗൗനിക്കാതെയാണ് കരാറുകാരൻ തോന്നിയപോലെ കുന്നിടിച്ച് മണ്ണ് കടത്തിയതെന്നാണ് പരാതി.
മണ്ണ് വയൽ റോഡിനായി
കുന്നിടിച്ച മണ്ണ് കിണാവൂർ വയലിലുള്ള റോഡിന് വേണ്ടി നികത്തുകയായിരുന്നു. ഇനി അപകടമുണ്ടായാൽ കുന്നിടിച്ച ഭാഗത്തുള്ള മണ്ണും ചെളിയും തൊട്ടടുത്തുള്ള വയലേക്കാവും എത്തുക. ഇത് കൃഷി നാശത്തിനും കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു