ശ്രീകണ്ഠപുരം: ഐച്ചേരി മാപ്പിനി സ്വദേശിനിയായ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ വീട് ഉൾപ്പെടുന്ന നെടുങ്ങോം വാർഡ് കണ്ടെയ്‌മെന്റ് സോണാക്കി അടച്ചു. പ്രധാന റോഡിൽ നിന്ന് ഈ പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. ഇവിടെയുള്ളവർക്ക് പുറത്തേക്ക് പോകാനും പുറത്തു നിന്നുള്ളവർക്ക് ഇവിടേക്ക് വരാനും നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.
ജിദ്ദയിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി മേയ് 15 നാണ് യുവതി നാട്ടിലെത്തിയത്. നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതിനാൽ യുവതിയുടെ താത്പര്യപ്രകാരമാണ് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയത്.
കൊവിഡ് സ്ഥിരീകരിച്ചതോടെ യുവതിയോടൊപ്പമുണ്ടായിരുന്ന അമ്മയെ ക്വാറന്റൈനിലാക്കി. കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇവരെ 17 ന് വീട്ടിലെത്തിച്ച കാർ ഡ്രൈവർ, കഴിഞ്ഞ ബുധനാഴ്ച ഇവരെ ടെസ്റ്റിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ശ്രീകണ്ഠപുരം സ്വദേശിയായ കാർ ഡ്രൈവർ എന്നിവരും ക്വാറന്റൈനിലാണ്.