ബില്ലുകൾ മുക്കിയതായി ആരോപണം
കാസർകോട്: പിടിവാശി കാരണം ബില്ല് പാസാക്കാതെ എൽ.എസ്.ജി.ഡി എൻജിനീയർ സർവ്വീസിൽ നിന്ന് വിരമിച്ചതോടെ പള്ളിക്കര കീക്കാൻ രാമചന്ദ്ര റാവു മെമ്മോറിയൽ ജി.യു.പി സ്കൂൾ പി.ടി.എ കമ്മറ്റി ലക്ഷങ്ങളുടെ കടക്കെണിയിൽ. എൻജിനീയറുടെ നടപടിക്കെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് പി.ടി.എ കമ്മിറ്റിയും നാട്ടുകാരും.
പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി 2018-19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ക്ലാസ് മുറികൾ അനുവദിച്ചിരുന്നു. 12.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ ഒരു ലക്ഷം രൂപ ഇലക്ട്രിക്കൽ വർക്കിനായി നീക്കിവെച്ചു. 2018 ഒക്ടോബറിൽ കമ്മിറ്റി പഞ്ചായത്തുമായി എഗ്രിമെന്റ് വച്ച് ഡിസംബർ മാസത്തോടെ കൺവീനർ വർക്കിൽ ആരംഭിച്ച പണി 2020 മാർച്ച് മാസത്തിൽ പൂർത്തീകരിച്ചു. മാർച്ച് 30 ന് ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അത് മുടങ്ങി.
നിർമ്മാണം പൂർത്തിയാക്കി പ്രവൃത്തിയുടെ മുഴുവൻ ബില്ലുകളും എൻജിനീയർക്ക് കൈമാറി. ഇതിൽ രണ്ടു തവണയായി 5,95,000 രൂപ മാത്രമാണ് ജനകീയ കമ്മിറ്റിക്ക് കിട്ടിയത്. കമ്മറ്റി വർക്കുകൾക്ക് സാധാരണനിലയിൽ നൽകുന്ന അഡ്വാൻസ് തുകയും നൽകിയില്ല. ഇതിനായി കമ്മിറ്റി ഭാരവാഹികൾ പലതവണ സമീപിച്ചെങ്കിലും എൻജിനീയർ വഴങ്ങിയില്ല. പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റും ഇടപെട്ടിട്ടും എൻജിനീയർ നിലപാട് മാറ്റിയില്ല. ഒടുവിൽ കെ കുഞ്ഞിരാമൻ എം.എൽ.എ ഇടപെട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ കെട്ടിടം പരിശോധിച്ച് ബിൽ തുക അനുവദിച്ചു കൊടുക്കാൻ നിർദേശിച്ചതുമാണ്.
ഒറിജിനൽ ബില്ലും മിനുട്സും മുങ്ങി
പി.ടി.എ കമ്മിറ്റി ഭാരവാഹികൾ ഉദ്യോഗസ്ഥനെ സമീപിച്ചപ്പോൾ ആദ്യം സമർപ്പിച്ച 4,37,023 രൂപയുടെ ബിൽ ഒഴികെ മുഴുവൻ ഒറിജിനൽ ബില്ലും മിനുട്സ് ബുക്കും എൻജിനിയറുടെ പക്കൽ ഇല്ലെന്ന് തിരിച്ചറിഞ്ഞു. പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ പി.ടി.എ കമ്മിറ്റി സെക്രട്ടറി മാർച്ച് മൂന്നിന് സമർപ്പിച്ച മുഴുവൻ രേഖകളും അഞ്ചിന് എ.ഇ ഏറ്റുവാങ്ങിയതായി പഞ്ചായത്തിൽ രേഖയുണ്ട്.
ബൈറ്റ്
എസ്റ്റിമേറ്റിൽ പറഞ്ഞതിനേക്കാൾ തുക ചെലവഴിച്ച് ക്ലാസ് മുറികൾ നിർമ്മിച്ച കമ്മിറ്റിക്ക് തുക അനുവദിക്കാതെ കബളിപ്പിക്കാനാണ് ശ്രമമെങ്കിൽ വിജിലൻസിനെ സമീപിക്കും
-സത്യൻ പൂച്ചക്കാട് (പി.ടി.എ പ്രസിഡന്റ് കീക്കാൻ ജി.യു.പി സ്കൂൾ)