കാസർകോട്: കർണ്ണാടക വനാതിർത്തിയോട് ചേർന്ന എടക്കാനം മലമുകളിൽ ഡാം പണിത് മീൻ വളർത്തി കാർഷിക കേരളത്തിന് മാതൃകയാവുകയാണ് 45 കാരനായ പ്രസാദ്.
തന്റെ പേരിലുള്ള അഞ്ചേക്കർ ഭൂമിയിൽ ആരും കൊതിക്കുന്ന കാർഷിക വിളകൾ ഒരുക്കിയതോടൊപ്പം അവ നനയ്ക്കാനുള്ള വെള്ളത്തിനായി ഒരു ചെറിയ ഡാമും നിർമ്മിച്ചായിരുന്നു പ്രസാദിന്റെ തുടക്കം. വനാതിർത്തിയിൽ നിന്നും പൈപ്പ് വഴിയാണ് ഡാമിലേക്ക് വെള്ളമെത്തിക്കുന്നത്. ഇതിനായി 25 ലക്ഷം ലിറ്റർ കൊള്ളുന്ന സമചതുരത്തിലുള്ള മൂന്ന് ഡാമുകൾ പണിയുന്നതിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത്. ജെ.സി.ബി ഉപയോഗിച്ച് കുഴി കുത്തി അതിൽ കല്ല് കെട്ടി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് സുരക്ഷിതമായിട്ടാണ് ഡാമുകളുണ്ടാക്കുന്നത്. ഡാമുകൾ ആരെങ്കിലും തുറന്ന് വിടുന്നുണ്ടോയെന്ന് പരിശോധിക്കാനായി ഇതിന്റെ നാലുപാടും സി.സി ടി.വി ക്യാമറകളും പ്രസാദ് സ്ഥാപിച്ചിട്ടുണ്ട്. കവുങ്ങ്, തെങ്ങ്, കുരുമുളക്, വാഴ, പച്ചക്കറി എന്നിവയ്‌ക്കൊപ്പം മീൻ വളർത്തലും കൂടിയാകുമ്പോൾ സ്വപ്നങ്ങൾ തളിർക്കും.
വർഷങ്ങൾക്കു മുമ്പാണ് പ്രസാദ് എടക്കാനം മലമുകളിൽ ഭൂമി വാങ്ങി കൃഷി തുടങ്ങിയത്. വന്യ മൃഗങ്ങളോടും മണ്ണിനോടും പൊരുതി നട്ടുനനച്ചു വളർത്തിയതെല്ലാം ഒന്നിനു പുറകെ ഒന്നായി തളിർത്തപ്പോൾ എടക്കാനത്തെ കുറ്റിക്കാട് സ്വപ്ന സുന്ദരമായ സ്ഥലമായി മാറി. ഡാമിന് ചുറ്റും ഔഷധ സസ്യങ്ങളും ചെടികളും വച്ചു പിടിപ്പിക്കാനും പ്രസാദ് തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിൽ കാറ്റിലും മഴയിലും നേന്ത്ര വാഴക്കുലകൾ നശിക്കുന്നത് തടയാൻ പ്രസാദ് ഇല വെട്ടൽ പരീക്ഷണം നടത്തി. കുലച്ച വാഴക്കുലയിൽ നിന്നും ഇലകൾ മുഴുവൻ വെട്ടി മാറ്റിയാൽ കനമുള്ള വാഴക്കുലയും വിളവെടുക്കും വരെ സംരക്ഷിക്കാനാകുമെന്ന് ഈ യുവകർഷകൻ പറയുന്നു. ഇത്തരത്തിൽ നൂറ് കണക്കിന് നേന്ത്ര വാഴക്കുലകളാണ് കാറ്റും മഴയും അതിജീവിച്ചു പ്രസാദ് വിളവെടുത്തു കൊണ്ടിരിക്കുന്നത്. പ്രസാദ് നടത്തിയ ഈ വാഴയില വെട്ടൽ പരീക്ഷണം മലയോരത്തെ കർഷകരും അനുകരിക്കാൻ തുടങ്ങിയിട്ടുണ്ട്.