covid

ന്യൂ മാഹി: ക്വാറന്റൈൻ ലംഘിച്ചെന്ന വ്യാജപ്രചാരണത്തിൽ മനംനൊന്ത് ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്രീവ് കെയർ നഴ്സ് രക്തസമ്മർദ്ദചികിത്സയ്ക്ക് ഉപയോഗിക്കുന്ന നാൽപതോളം ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകൻ ഉൾപ്പടെ നാല് പേരാണെന്ന് യുവതി എഴുതിവച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലി ചെയ്‌തെന്ന് ചിലർ കുപ്രചരണം നടത്തുന്നതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് കുറിപ്പിലുള്ളത്.

ഗുളിക കഴിച്ച ഉടൻ യുവതി തന്റെ സഹപ്രവർത്തകർക്ക് ഫോണിൽ മെസേജ് അയച്ചിരുന്നു.ഇവരിൽ നിന്നും വിവരമറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ അയൽവാസിയെ അറിയിക്കുകയായിരുന്നു. അയൽവാസി വീട്ടിലെത്തിയപ്പോഴേക്കും യുവതി അവശനിലയിലായിരുന്നു. ഉടൻ തലശ്ശേരി ഗവ. ആശുപത്രിയിലേക്കും

അവിടെനിന്ന് പരിയാരം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.

യുവതിയുടെ സഹോദരി കഴിഞ്ഞ ദിവസം കർണാടകത്തിൽ നിന്ന് നാട്ടിലെത്തിയിരുന്നു. സഹോദരിയും സമ്പർക്കമുണ്ടായ അമ്മയും ബന്ധുവീട്ടിൽ ക്വാറന്റൈനിലായി. ഈ സമയത്ത് യുവതി മറ്രൊരു ബന്ധുവീട്ടിലായിരുന്നു. സമ്പർക്കമില്ലാതിരുന്നതിനാൽ യുവതി ക്വാറന്റൈനിൽ പോകേണ്ടെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിലപാട്.

യുവതി മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് കാട്ടി ചില രാഷ്ട്രീയപാർട്ടി പ്രവർത്തകർ ഇക്കഴിഞ്ഞ 28ന് പി.എച്ച്.സി.ക്ക് മുന്നിൽ സമരം നടത്തിയിരുന്നു. ഇതോടെ യുവതി സ്രവ പരിശോധന നടത്തിയെങ്കിലും കൊവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് നഴ്സിന് അനുകൂലമായി പഞ്ചായത്ത് ഭരണസമതിക്ക് റിപ്പോർട്ട് നൽകിയ തന്നെ ചിലർ ഭീഷണിപ്പെടുത്തിയതായി പി.എച്ച്.സി.യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ന്യൂ മാഹി പൊലീസിൽ പരാതി നൽകിയിരുന്നു. പി.എച്ച്.സി.യിലെ ഒരു ജീവനക്കാരൻ തന്നെ മാനസികമായി പീഡിപ്പിക്കുകയും, ദുഷ്പ്രചരണം നടത്തുകയും ചെയ്തു വരികയാണെന്നും, ഇയ്യാളടക്കമുള്ളവരാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് യുവതിയുടെ ആത്മഹത്യാകുറിപ്പിലുള്ളത്. .