dr-muhammad-ribhaan
dr muhammad ribhaan

കാസർകോട്: കൊവിഡ് രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയിലെ ജനങ്ങളെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിൽ കാസർകോട് സ്വദേശിയും. മേൽപറമ്പിലെ യുവ ഡോക്ടറുമായ മുഹമ്മദ് റിബ്ഹാനാണ് സംഘത്തിലുള്ളത്.

ഇന്ത്യയിലെ കൊവിഡിന്റെ ഏറ്റവും വലിയ 'ഹോട്ട്സ്‌പോട്ട്' എന്നറിയപ്പെടുന്ന മുംബൈയിൽ സേവനമനുഷ്ഠിക്കാൻ നിയുക്തമായ സംഘത്തിലാണ് റിബ്ഹാനുള്ളത്. ഇദ്ദേഹമടക്കമുള്ള സംഘം തിങ്കളാഴ്ച മുംബൈയിലേക്ക് തിരിക്കും. കേരളത്തിൽനിന്ന് 50 ഡോക്ടർമാരുടെയും 100 നേഴ്സുമാരുടെയും സംഘത്തെ അയയ്ക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധസംഘം മുംബൈയിലേക്ക് പോകുന്നത്. മുംബൈ നഗരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് തിരുവനന്തപുരം മെഡിക്കൽ കേളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് .എസ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചത്.

കാസർകോട് ഗവ. മെഡിക്കൽ കേളേജിലും ഇതേ സംഘം പ്രത്യേക ഡ്യുട്ടിക്ക് എത്തിയിരുന്നു. സന്നദ്ധസേവനത്തിന് തയ്യാറായ ഡോക്ടർമാരും നേഴ്സുമാരുമാണ് സംഘത്തിലുള്ളത്. മുംബൈയിലേക്ക് പോകാൻ താല്പര്യം കാട്ടി ഡോ. റിബ്ഹാൻ അപേക്ഷ നൽകിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും റിബ്ഹാനെ തേടി ഫോൺകോളുമെത്തി. ദുരിതം അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്നതിന്റെ ആഹ്ളാദത്തിലാണ് റിബ്ഹാൻ.