കോഴിക്കോട്: ജാർഖണ്ഡുകാരായ 1,175 തൊഴിലാളികളുമായി കോഴിക്കോട് നിന്നുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിൻ ഇന്നലെ രാത്രി ഏഴര മണിയോടെ യാത്രയായി. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ട്രെയിൻ ധൻബാദിലെത്തും.
അന്യസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാനത്ത് നിന്ന് ഇന്നലെ പുറപ്പെട്ട അഞ്ച് ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിൽ ഒന്നാണിത്. സാമൂഹിക അകലം പാലിക്കാൻ 24 കോച്ചുകളിലായി ഇത്രയും യാത്രക്കാരെ കയറ്റുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ജില്ലാ ഭരണകൂടത്തിന് കോഴിക്കോട് നിന്ന് ജാർഖണ്ഡിലേക്ക് ശ്രമിക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചുള്ള അറിയിപ്പ് ലഭിച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെ വിശദവിവരങ്ങളോടെയുള്ള വ്യക്തമായ കണക്ക് കൈവശമുണ്ടെന്നിരിക്കെ, പെട്ടെന്ന് തന്നെ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞതായി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ പറഞ്ഞു. തത്കാലം കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലെ തൊഴിലാളികളെ മാത്രം തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അവരെ വിവിധ കേന്ദ്രങ്ങളിലെ ക്യാമ്പുകളിൽ എത്തിച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. പിന്നീട് കൊവിഡ് ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റോടെ ഇവരെ കെ. എസ്. ആർ.ടി.സി ബസ്സുകളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. 38 ബസ്സുകളാണ് ഇതിനായി ഉപയോഗിച്ചത്. ഈ യാത്രയും നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു. ബസ്സുകൾ പിന്നീട് അണുവിമുക്തമാക്കി.
ട്രെയിൻ യാത്രയിൽ ഇവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഒരു എസ്.ഐയുടെ നേതൃത്വത്തിൽ ആർ.പി.എഫ് സംഘം അനുഗമിക്കുന്നുണ്ട്.
യാത്രാച്ചെലവ് തൊഴിലാളികൾ തന്നെയാണ് വഹിക്കുന്നത്. ഇവിടെ നിന്ന് തിരിക്കുമ്പോൾ ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം നൽകി.
സ്റ്റാഫിന്റെ ഡ്യൂട്ടി മാറ്റത്തിനായി ഈറോഡ് സ്റ്റേഷനിൽ ട്രെയിൻ നിറുത്തും.