കൽപ്പറ്റ: ലോക്ക്ഡൗണിനെ തുടർന്ന് വിവാഹങ്ങൾക്കും മറ്റു സൽക്കാരങ്ങൾക്കും നിയന്ത്രണം വന്നതോടെ കാറ്ററിംഗ് സർവീസുകാരും പാചക തൊഴിലാളികളും ദുരിതത്തിലായി. ജില്ലയിൽ ചെറുതും വലുതുമായ ഒട്ടേറെ കാറ്ററിംഗ് സ്ഥാപനങ്ങൾ ഉണ്ട്. ഇവരുടെ ഏറ്റവും തിരക്കേറിയ സീസൺ ആണ് കൊവിഡ് ഇല്ലാതാക്കിയത്. നൂറുകണക്കിന് ആളുകൾക്ക് വരുമാനമാർഗ്ഗവും വഴിമുട്ടി. പാചകക്കാർ മുതൽ സർവീസ് ജോലിക്കാർ വരെ ഈ കൂട്ടത്തിലുണ്ട് വിവാഹങ്ങൾ മുതൽ വിരമിക്കൽ വരെ ആഘോഷങ്ങൾ ഒഴിവാക്കിയതോടെ കാറ്ററിങ് സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ കഷ്ടത്തിലായി. സീസൺ മുന്നിൽകണ്ട് വായ്പയെടുത്ത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങിയ പല സ്ഥാപനങ്ങളും കടക്കെണിയിലാണ്.
മാർച്ച് പകുതി മുതൽ മെയ് അവസാനം വരെയാണ് ജില്ലയിൽ വിവാഹങ്ങളും അനുബന്ധ സൽക്കാരങ്ങളും കൂട്ടായ്മകളും നടക്കാറുള്ളത്. തൊഴിലാളികൾക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്ന ആശങ്കയിലാണ് കാറ്ററിംഗ് നടത്തിപ്പുകാർ. മെയ് അവസാനത്തിൽ സീസൺ തീരുന്നതോടെ ഇവരുടെ ഈ വർഷത്തെ പ്രതീക്ഷകൾക്ക് അന്ത്യമാകും.
ദുരിതങ്ങൾക്കിടയിലും കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടനയുടെ നൂറിലധികം കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്.
സർക്കാർ പ്രഖ്യാപിക്കുന്ന ധനസഹായങ്ങളിൽ ഈ വിഭാ ഗത്തെയും ഉൾപ്പെടുത്തണമെന്ന് ഓൾ കേരള കാറ്ററിങ് അസോസിയേഷൻ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
ഫോട്ടോ:
കാറ്ററിങ്ങ് പ്രവർത്തനങ്ങൾ നിലച്ചുപോയ കൽപ്പറ്റയിലെ ഒരു കാറ്ററിങ്ങ് യൂണിറ്റ്