കൽപ്പറ്റ: രാഹുൽഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 26,50,000 രൂപ ചെലവഴിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആർത്രോസ്‌കോപ്പി മെഷീൻ പ്രവർത്തനസജ്ജമായി. സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ജില്ലയിൽ ഈ സംവിധാനം. സന്ധികളിലുണ്ടാകുന്ന രോഗ നിർണയത്തിനും താക്കോൽദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കും ഉപയോഗിക്കുന്നതാണ് ആർത്രോസ്‌കോപി മെഷീൻ. നിലവിൽ കൊവിഡ് ആശുപത്രിയായതിനാൽ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാർ പറഞ്ഞു.

കാൽമുട്ട്, തോൾ, കണങ്കാൽ, കൈമുട്ട്, കൈത്തണ്ട എന്നിങ്ങനെ സന്ധികളിലുണ്ടാകുന്ന വീക്കം, മറ്റ് പരിക്കുകൾ, കേടുപാടുകൾ ഇവ അനായാസം കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. ഇത്തരം ചികിത്സകൾക്കായി മറ്റ് ജില്ലകളെയും, സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. സ്വകാര്യ ആശുപത്രികളിലു മറ്റും ലക്ഷങ്ങൾ ചെലവ് വരുന്നതാണ് ഈ ചികിത്സ.

സന്ധികളിൽ ചെറിയ മുറിവുണ്ടാക്കി ക്യാമറയും, പ്രകാശവുമുള്ള ആർത്രോസ്‌കോപ്പ് എന്ന വളരെ ചെറിയ ഉപകരണം കടത്തിവിട്ടാണ് രോഗം നിർണയിക്കുക. പ്രധാനമായും താക്കോൽദ്വാര ശസ്ത്രക്രിയയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

നേരത്തെ ജില്ലാ ആശുപത്രിയിൽ എം.പി ഫണ്ട് ഉപയോഗി​ച്ച് വെന്റിലേറ്റർ സ്ഥാപിച്ചിരുന്നു.