കുറ്റ്യാടി: കൊവിഡ് ഭീതിയെ വകഞ്ഞുമാറ്റി യുവ കവി ഓടുകയാണ്, വിശക്കുന്നവന് അന്നവുമായി. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ നടുപ്പൊയിൽ യു.പി സ്‌കൂളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണപ്പൊതികളുമായാണ് നാട്ടുപാതകളിലൂടെ ബിജു വളയന്നൂരിന്റെ യാത്ര.
കുറ്റ്യാടി ടൗണിലും പരിസരങ്ങളിലുമായി ദിവസവും നൂറിലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് അരിയും ആട്ടയും എത്തിക്കുന്നു. പ്രളയകാലത്തും നിപ്പയുടെ സമയത്തും ബിജുവിന്റെ പ്രവർത്തനം മാതൃകാപരമായിരുന്നു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ ആശ്രയമായിരുന്ന ബിജു വളയന്നൂരിന്റെ കവിതകളിലും അശരണരുടെ കണ്ണിരുപ്പുകാണാം.
കുറ്റ്യാടി വളയന്നൂർ ഇല്ലത്തറക്കണ്ടി കണ്ണൻ -നാരായണി ദമ്പതികളുടെ മകനായ ബിജു കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ലൈബ്രേറിയനാണ്. മറുപുറം സാഹിത്യ വേദി, കെ.പി.എൽ.ടി.എ.എ എന്നീ സംഘടനകളിലും പ്രവർത്തിക്കുന്നു.