ഒരു ദിവസം 400 പേരെ ജില്ലയിലേക്ക് പ്രവേശിപ്പിക്കും

മുത്തങ്ങയിൽ മിനി ആരോഗ്യ കേന്ദ്രം

ഒരു മണിക്കൂറിൽ കടത്തിവിടുക 10 വാഹനങ്ങളെ


കൽപ്പറ്റ: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ നോർക്കയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരെ സ്വീകരിക്കുന്നതിന് ജില്ലാ അതിർത്തിയായ മുത്തങ്ങ ചെക്‌പോസ്റ്റിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

മുത്തങ്ങ ചെക്‌പോസ്റ്റാണ് ജില്ലയിലേക്ക് കടക്കാൻ സർക്കാർ അനുവദിച്ച ഏക വഴി. ഇവിടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മിനി ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി വരികയാണ്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.

അതിർത്തിവഴി കടന്നുവരുന്നവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സൗകര്യങ്ങൾ മിനി ആരോഗ്യ കേന്ദ്രത്തിലുണ്ടാവും.
ചെക്‌പോസ്റ്റിൽ എത്തുന്നവരെ ആദ്യം പൊലീസിന്റെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവർ വന്ന വാഹനം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കും. ആരോഗ്യ പരിശോധനയ്ക്കായി ഡോക്ടർമാർ ഉൾപ്പെട്ട നാല് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ കാര്യത്തിൽ സംശയമുള്ളവരുടെ സ്രവ പരിശോധന നടത്തും. ലക്ഷണമുള്ളവരെ കോവിഡ് കെയർ സെന്ററുകളിലേക്കും അല്ലാത്തവരെ അവരവരുടെ വാഹനത്തിൽ വീടുകളിലേക്കും അയയ്ക്കും. ഇവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.

ഒരു മണിക്കൂറിൽ പത്ത് വാഹനങ്ങളെയാണ് പോലീസിന്റെ നിരീക്ഷണ വാഹനത്തോടൊപ്പം കടത്തി വിടുക. വാഹനങ്ങൾ ഇല്ലാത്തവർക്ക് കെ.എസ്.ആർ.ടി.സി ബസ്സുകൾ ഏർപ്പെടുത്തും. മിനി ആരോഗ്യ കേന്ദ്രത്തിന് സമീപം കുടുംബശ്രീയുടെ ഭക്ഷണ സ്റ്റാൾ ഒരുക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. ബസ് യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവ് അവരവർ വഹിക്കേണ്ടതാണ്.
ഒരു ദിവസം 400 പേരെയാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുക. രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം നടപടി ക്രമങ്ങൾ മുന്നോട്ട് നീക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ സൂക്ഷ്മ നിരീക്ഷണത്തിനായി ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. നോർക്കയിൽ രജിസ്റ്റർ ചെയ്ത വ്യക്തികളുടെ വിവരങ്ങൾ അതാത് പഞ്ചായത്തുകൾക്ക് ലഭ്യമാവും. പഞ്ചായത്തുകൾ വഴി പ്രാദേശിക പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്.


മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര തിരിക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനും കോവിഡ് 19 പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. അഞ്ച് സീറ്റുള്ള കാറിൽ നാല് പേർക്ക് മാത്രമേ സഞ്ചരിക്കാൻ പാടുള്ളു. ഏഴ് സീറ്റുള്ള കാറിൽ അഞ്ച് പേർക്ക് കയറാം. ബസ്സുകളിലും വാനുകളിലും അനുവദനീയമായതിന്റെ പകുതി ആളുകളെ കയറ്റാം. യാത്രികർ സാനിറ്റൈസറും മാസ്‌കും നിർബന്ധമായും ഉപയോഗിക്കണം.


കേരളത്തിൽ ചികിത്സ തേടുന്നവർ, ശാരീരിക വിഷമതകൾ നേരിടുന്നവർ, ഗർഭിണികൾ, കുട്ടികളിൽ നിന്ന് അകന്ന് കഴിയുന്നവർ, ഇന്റർവ്യൂ, സ്‌പോർട്സ്, തീർത്ഥാടനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പോയവർ, വിദ്യാർത്ഥികൾ എന്ന ക്രമത്തിലായിരിക്കും പ്രവേശനത്തിന് മുൻഗണന നൽകുക.

തിരിച്ച് പോകാൻ തയ്യാറായി 5888 പേർ
കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകാൻ സന്നദ്ധത അറിയിച്ചത് 5888 അന്യസംസ്ഥാന തൊഴിലാളികൾ. കൂടുതൽ പേർ ബംഗാളിൽ നിന്നുള്ളവരാണ്, 3750 പേർ. ജാർഖണ്ഡ് 733, ആസാം 683, ബീഹാർ 682, ഒഡിഷ 508, രാജസ്ഥാൻ 303 എന്നിങ്ങനെയാണ് മറ്റുള്ളവർ.

8227 അന്യസംസ്ഥാന തൊഴിലാളികളാണ് ജില്ലയിലുള്ളത്. സംസ്ഥാന സർക്കാർ യാത്രയ്ക്കായുള്ള ട്രെയിൻ തയ്യാറാക്കുന്നതനുസരിച്ച് ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ട്രെയിൻ ടിക്കറ്റ് ചാർജ് യാത്രക്കാർ വഹിക്കണം.

യാത്രയ്ക്ക് അപേക്ഷിക്കേണ്ടത് അതാത് ജില്ലകളിൽ
കൽപ്പറ്റ: അന്തർജില്ലാ യാത്ര ആവശ്യമുള്ളവർ ഏത് ജില്ലയിലേക്കാണോ പോകേണ്ടത് അതത് ജില്ലാ കളക്ടറുടെ അനുമതിക്കായി അപേക്ഷ സമർപ്പിക്കണം. വയനാട് ജില്ലയിലേക്ക് വരേണ്ടവരുടെ അപേക്ഷയാണ് ജില്ലയിൽ സ്വീകരിക്കുക. അടിയന്തിര സാഹചര്യത്തിൽ മറ്റ് ജില്ലയിലേക്ക് എത്തേണ്ടവരെ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അതത് ജില്ലകളിലെത്തിക്കും.

കുരങ്ങു പനി : കോളനികളിൽ 5ന് ശുചീകരണം
മാനന്തവാടി: കുരങ്ങ് പനി ബാധിച്ച തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല, ബേഗൂർ, ഇരുമ്പുപാലം, പുതിയൂർ, തുറമ്പൂർ, ഷാണമംഗലം, മീൻകൊല്ലി, നാരങ്ങാകുന്ന്, അംബേദ്കർ കോളനി, കൂപ്പ്‌കോളനി, മണ്ണുണ്ടി, പഴയതോട്ടം, താഴെ അമ്മാനി തുടങ്ങിയ കോളനികളിൽ മെയ് അഞ്ചിന് ശുചീകരണവും ബോധവത്കരണവും നടത്താൻ ഒ.ആർ. കേളു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സി.കെ.ശശീന്ദ്രൻ എം.എൽ.എ പദ്ധതി വിശദീകരണം നടത്തി. ശുചീകരണ പ്രവർത്തികൾ രാവിലെ എട്ടിന് ആരംഭിക്കും. കോവിഡ് 19 പ്രതിരോധ നടപടികൾ സ്വീകരിച്ചാണ് ശുചീകരണം നടത്തുന്നത്.
കുരങ്ങ് പനി വ്യാപനം കൂടുതലുള്ള 9, 10, 11 വാർഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇവിടങ്ങളിലുള്ളവർ വനവിഭവങ്ങൾ ശേഖരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കന്നുകാലികളെ വനത്തിലേക്ക് മേയാൻ വിടുന്നത് നിയന്ത്രണത്തിലാക്കും. കന്നുകാലികൾക്ക് തീറ്റയും, വിറകില്ലാത്ത വീടുകളിൽ വിറക് എത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു.

ജില്ലയിൽ ഇതുവരെ 27 പേർക്കാണ് കുരങ്ങു പനി സ്ഥിരീകരിച്ചിട്ടുള്ളത്. 3 പേർ മരണപ്പെട്ടു. കുരങ്ങ് പനി ജാഗ്രതയുടെ ഭാഗമായി ആർ.ഡി.ഒ ഓഫീസിൽ കുരങ്ങു പനി ജാഗ്രത സെൽ തുറന്നു. 04935 240222 എന്ന നമ്പറിൽ വിശദാംശങ്ങൾ തേടാം.
യോഗത്തിൽ സബ് കലക്ടർ വികൽപ് ഭരദ്വാജ്, ഡി.എം.ഒ ആർ. രേണുക, മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജു, മാനന്തവാടി ബ്ലോക്ക് ബി.ഡി.ഒ സിറിയക്. ടി. കുര്യാക്കോസ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, മൃഗസംരക്ഷണം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: തിരുനെല്ലി പഞ്ചായത്തിൽ നടന്ന കുരങ്ങ് പനി അവലോകന യോഗം

കൊവിഡ് പരിശോധനാ വിസ്‌ക് കൈമാറി
കൽപ്പറ്റ: കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിക്ക് വേണ്ടി സിവിൽ സർവ്വീസ് സ്‌പോർട്സ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി നിർമ്മിച്ച കൊവിഡ് പരിശോധനാ വിസ്‌ക് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.സി. മജീദ്, സി.എസ്.പി.എൽ ഗവേർണിംഗ് ബോഡി ചെയർമാൻ പി.കെ. ജയൻ, ട്രഷറർ രവീന്ദ്രൻ, ഗവേർണിംഗ് ബോഡി അംഗങ്ങൾ, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.


(ചിത്രം)