കൽപ്പറ്റ: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മാനന്തവാടി കുറുക്കൻമൂല സ്വദേശിയായ 52കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളെ മാനന്തവാടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറായ ഇയാൾ ഏപ്രിൽ 26ന് ചെന്നൈയിൽ നിന്ന് തിരിച്ച് വന്നതാണ്. 29ന് സ്രവ പരിശോധന നടത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ചെന്നൈയിൽ ലോറിയുമായി പോയി മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കുറുക്കന്മൂല സ്വദേശി ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.18ന് ചെന്നൈയിലേക്ക് പോയ ഇയാൾ 26 നാണ് മടങ്ങിയെത്തിയത്. ലോറിയിലെ സഹ ഡ്രൈവറും 5 കുടുംബാംഗങ്ങളുമാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ സഹഡ്രൈവറുടെ ടെസ്റ്റ് നെഗറ്റീവാണ്. മറ്റുള്ളവരുടെ പരിശോധന നാളെ നടക്കും. കുടുംബാംഗങ്ങളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു.

ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം നാലായി.മൂന്നുപേർ രോഗ മുക്തരായി വീടുകളിലേക്ക് മടങ്ങിയിരുന്നു.പുതിയ പൊസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതോടെ ഗ്രീൻ സോണിൽ നിന്ന് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 49 പേർ കൂടി നിരീക്ഷണത്തിൽ. 97 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിൽ ഉള്ളത് 790 പേരാണ്. ആശുപത്രിയിൽ 10 പേർ നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 432 സാമ്പിളുകളാണ്. 13 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 14 ചെക്ക് പോസ്റ്റുകളിലെ 1848 വാഹനങ്ങളിലായി എത്തിയ 3044 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.