മുക്കം: എക്സൈസ് സംഘത്തിന്റെ വേട്ട തുടരുമ്പോഴും നാട്ടിലെങ്ങും വ്യാജവാറ്റും വിൽപനയും. ഒരു മാസത്തിനിടെ മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നിരവധി കേസ്സുകളുണ്ടായി.
കഴിഞ്ഞ ദിവസം രണ്ടു സ്ഥലങ്ങളിലായി പൊലീസും എക്സൈസും നടത്തിയ റെയ്ഡിൽ 75 ലിറ്റർ വാഷ് പിടിച്ചെടുത്തു. മണാശ്ശേരി പന്നൂളി കോളനിയുടെ പരിസരത്ത് മുക്കം മുസ്ലിം ഓർഫനേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെങ്കൽ ക്വാറിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു വാഷ്. നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് വാഷ് കണ്ടെത്തിയത്. എ.എസ്.ഐ ജയമോദ്, സി.എം നാസർ,എം.സുരേഷ്, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘം സാമ്പിൾ ശേഖരിച്ച ശേഷം വാഷ് നശിപ്പിക്കുകയായിരുന്നു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
അഗസ്ത്യൻമുഴി തടപ്പറമ്പിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 25 ലിറ്റർ വാഷ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ ഒഴലൂർ പ്രകാശൻ അറസ്റ്റിലായി. കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ശിവദാസൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ് ബാബു, ലതമോൾ, ഡ്രൈവർ എഡിസൺ എന്നിവരാണുണ്ടായിരുന്നത്.