സുൽത്താൻ ബത്തേരി: കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയുന്നതിനുവേണ്ടി നിർമ്മിച്ച റെയിൽപാളവേലിയും കാട്ടുകൊമ്പന് മുന്നിൽ ഒന്നുമല്ലാതായി. സുൽത്താൻ ബത്തേരി നഗരസഭാ പരിധിയിലും പൂതാടി ഗ്രാമപഞ്ചായത്തിലുമായി നിർമ്മിച്ച റെയിൽപാള വേലികളാണ് കാട്ടാന തകർത്തത്. കാട്ടാനകളെ പ്രതിരോധിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമായിരുന്നു റെയിൽപാളവേലി. കർണാടകയിലടക്കം പരീക്ഷണം നടത്തി വിജയിച്ചതായിരുന്നു ഇത്. സംസ്ഥാനത്തെ ആദ്യ സംരംഭവും.
റെയിൽപാള വേലി കാട്ടാന തകർത്ത സംഭവം വളരെ അപൂർവ്വമാണ്. ഇതിന്റെ നിർമ്മാണത്തിലെ വൈദഗ്ധ്യവും വേലിയുടെ ഉറപ്പും കാട്ടാനകൾക്ക് അത്രപെട്ടന്ന് തകർക്കാൻ പറ്റാത്തതാണ്. കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിയിലാണ് ഒറ്റായാൻ വേലി തകർത്തത്. മൂടക്കൊല്ലി രണ്ടാം നമ്പർ ഭാഗത്ത് കർഷകരുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയ്ക്ക് തിരികെ വനത്തിലേക്ക് കയറുന്നതിന് വേലി തടസമായതോടെയാണ് വേലി യോജിപ്പിക്കുന്ന സ്ഥലം പൊളിച്ച് ഒറ്റയാൻ കാട്ടിലേക്ക് കയറിയത്. നാട്ടിലിറങ്ങിയ കാട്ടുകൊമ്പൻ നിരവധി കർഷകരുടെ വിളകൾ നശിപ്പിക്കുകയും ചെയ്തു.


ഫോട്ടോ
0018-മൂടക്കൊല്ലി ഭാഗത്ത് ഒറ്റയാൻ തകർത്ത റെയിൽപാള വേലി