കോഴിക്കോട്: ശ്രമിക് സ്പെഷ്യൽ സർവിസ് പരമ്പരയിൽ കോഴിക്കോട് നിന്ന് ഇന്നലെ യാത്ര തിരിച്ചത് ബീഹാർ ട്രെയിൻ. കഴിഞ്ഞ ദിവസം പ്രഥമ സർവിസ് ജാർഖണ്ഡിലേക്കായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട ണ്ടാമത്തെ ട്രെയിനിൽ 1090 തൊഴിലാളികളാണ് ബീഹാറിലേക്ക് യാത്രയായത്.

വടകര താലൂക്കിൽ നിന്നുള്ളവരാണ് മുഴുവൻ തൊഴിലാളികളും. എല്ലാവരെയും നേരത്തെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 38 കെ.എസ്.ആർ.ടി.സി ബസുകളിലായാണ് തൊഴിലാളികളെ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചത്.

തൊഴിലാളികൾക്ക് മധുരം നൽകിയും സ്‌നേഹാശംസകൾ നേർന്നും ഉദ്യോഗസ്ഥർ സ്വീകരിച്ചു. എല്ലാവർക്കും യാത്രയിൽ കഴിക്കാനുള്ള ഭക്ഷണപ്പൊതികളും നൽകി.

ജില്ലാ കളക്ടർ സാംബശിവ റാവു, സബ് കളക്ടർ ജി.പ്രിയങ്ക, ഡി.സി.പി ചൈത്ര തെരേസ ജോൺ, ഡെപ്യൂട്ടി കളക്ടർ അനിത കുമാരി എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.