migrant-labours

കോഴിക്കോട്: സ്വദേശത്തേക്ക് മടങ്ങാൻ കൊതിച്ചിട്ടും 'വഴി തുറന്നു കിട്ടാതെ' നിരാശയിലാണ്ടു കഴിയുന്ന നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുണ്ട് കോഴിക്കോട്ട്. ഇനിയും കൂലി കുടിശ്ശിക കിട്ടാത്തതാണ് നല്ലൊരു പങ്കിന്റെയും പ്രശ്നം. ഏജന്റുമാരുടെ ഭീഷണി മട്ടിലുള്ള സമ്മർദ്ദം നേരിടുന്നവരും കുറച്ചൊന്നുമല്ല.

ലോക്ക് ഡൗണിന് ശേഷം നിർമ്മാണ മേഖലയിലുൾപ്പെടെ പെട്ടെന്ന് ജോലിയുണ്ടാകുമോ എന്ന ആശങ്ക പരക്കെയുണ്ട്. മഴക്കാലത്തോടെ പ്രതിസന്ധി ഇരട്ടിക്കും. ഇതാണ് തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്.

നിർമ്മാണ മേഖലയിലും ചെറുകിട കടകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരാണ് നാട്ടിൽ പോകാൻ അവസരമുണ്ടായിട്ടും ഇവിടെ കുടുങ്ങിയത്. എന്നാൽ കമ്പനികളിൽ ജോലിയുള്ളവരിൽ പലർക്കും തിരിച്ചുപോക്കിനോട് താത്പര്യമില്ല. കമ്പനികൾ ആഹാരമെത്തിക്കുന്നതും കൂലി നൽകുന്നതുമാണ് ഇവർക്ക് ആശ്വാസം.

അതിനിടെ തൊഴിലാളികളുടെ മടക്കത്തിനെതിരെ ഏജന്റുമാരുടെ സമ്മർദ്ദവും ശക്തമാണ്. ജാർഖണ്ഡിലേക്കും ബീഹാറിലേക്കുമുള്ള പലരും ട്രെയിനിന്റെ സമയത്ത് പോകുന്നില്ലെന്ന നിലപാടെടുത്തത് അധികൃതരെ കുഴക്കിയിരുന്നു. ഏജന്റുമാരുടെ ഭീഷണിയും സമ്മർദ്ദവുമാണ് ഇതിന് പിന്നിൽ. എന്നാൽ തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ പല ഏജന്റുമാരും തയ്യാറുമല്ല. പലരും കമ്മ്യൂണിറ്റി കിച്ചൻ ഉൾപ്പെടെയുള്ള സർക്കാർ സൗകര്യങ്ങളിലൂടെ തൊഴിലാളികളെ പിടിച്ചു നിറുത്തുകയാണ്.

കൂലി ഒന്നിച്ച് വാങ്ങുന്നതാണ് അന്യസംസ്ഥാന തൊഴിലാളികളുടെ രീതി. എന്നാൽ ലോക്ക് ഡൗൺ കാരണം പലർക്കും പണം കിട്ടിയില്ല. അമ്പതിനായിരം രൂപവരെ കിട്ടാനുള്ല തൊഴിലാളികളുമുണ്ട്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

 തിരിച്ചു പോയത് 2265 പേർ

ജില്ലയിൽ നിന്ന് 2265 പേരാണ് ട്രെയിനിൽ തിരിച്ചു പോയത്. ബീഹാറിലേക്കും ജാർഖണ്ഡിലേക്കുമുള്ളവരെയാണ് ഇതുവരെ പോയത്.

ജാർഖണ്ഡിലേക്കുള്ള ട്രെയിനിൽ 1175 പേരുണ്ടായിരുന്നു. സുരക്ഷയ്‌ക്കായി ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്. ക്യമ്പുകളിലെ മെഡിക്കൽ പരിശോധനയ്‌ക്ക് റെയിൽവേ സ്‌റ്റേഷനിലെത്തിക്കുന്നത്. രോഗലക്ഷണമുള്ളവരെ തിരിച്ചയക്കില്ല. ബീഹാറിലേക്ക് 1090 പേരാണ് മടങ്ങിയത്. വരുംദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളെയും തിരിച്ചയക്കും.

 നിർബന്ധിക്കില്ല

മടങ്ങാൻ താത്പതര്യമുള്ള തൊഴിലാളികളെ മാത്രമേ തിരിച്ചയക്കൂ. ആരെയും നിർബന്ധിച്ച് തിരിച്ചയക്കരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ തുടരാൻ താത്പര്യമുള്ളവരെ നിർബന്ധിച്ച് മടക്കി അയക്കില്ലെന്നാണ് സർക്കാർ തീരുമാനം. പൊലീസും ജില്ലാ അധികൃതരും ഇക്കാര്യം ശ്രദ്ധിക്കും.