p

കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകളിലെ അവ്യക്തത നഗരത്തെ തിരക്കിൽ മുക്കി. സാമൂഹ്യ അകലം പാലിക്കാതെ റോഡുകളിലും കടകൾക്ക് മുന്നിലും ആളുകൾ കൂട്ടമായെത്തി. മാസ്കുകൾ ധരിക്കാതെയാണ് പലരും പുറത്തിറങ്ങിയത്. നഗരത്തിൽ നിരവധി വാഹനങ്ങൾ റോഡിലിറങ്ങി. ദേശീയപാതയിൽ ഉൾപ്പെടെ വലിയ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ഹോട്ട് സ്പോട്ട് ആയ കോഴിക്കോട് നഗരത്തിൽ അവശ്യ സാധനങ്ങളുടെതല്ലാത്ത കടകൾ രാവിലെ മുതൽ തുറന്നിരുന്നു. പാളയം മാർക്കറ്റ്, വലിയങ്ങാടി, സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിൽ പതിവിലും കൂടുതലായിരുന്നു തിരക്ക്. മിഠായി തെരുവിൽ കടകൾ തുറന്നതോടെ പൊലീസ് നടപടി കർശനമാക്കി. അവശ്യ സാധനങ്ങളുടെതല്ലാത്ത കടകൾ പൊലീസ് അടപ്പിച്ചു. മിഠായി തെരുവിൽ കടകൾ തുറക്കാനെത്തിയ വ്യാപാരികളെ പൊലീസ് തടഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ ഹോട്ട് സ്‌പോട്ട് ആയതിനാൽ കടകൾ തുറക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

മിഠായി തെരുവിലെ കടകൾ ഒരു ദിവസം ഒരുവശം എന്ന രീതിയിൽ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഇളവുകളിൽ വ്യക്തത വരുത്തണമെന്ന ആവശ്യം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ ഉന്നയിച്ചു. അവശ്യ സാധനങ്ങളുടെ കടകൾ തുറന്നാൽ മതിയെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാൽ ഹോട്ട് സ്പോട്ടിൽ പോലും ഇതര കടകൾ രാവിലെ മുതൽ തുറക്കുന്ന സ്ഥിതിയായിരുന്നു.