കോഴിക്കോട്: നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടിലേക്ക് ഇറങ്ങിയ ബിഹാർ സ്വദേശികളായ ആയിരത്തിൽപരം തൊഴിലാളികൾക്ക് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുംമുമ്പേ മടങ്ങേണ്ട ഗതികേടായി. ബീഹാർ സർക്കാർ പച്ചക്കൊടി വീശാത്തതുകൊണ്ടു മാത്രം ഇന്നലെ വൈകിട്ട് 1196 തൊഴിലാളികളുമായി കോഴിക്കോട്ട് നിന്നു പുറപ്പെടാനിരുന്ന ശ്രമിക് സ്പെഷ്യൽ ട്രെയിനിന്റെ യാത്ര മുടങ്ങുകയായിരുന്നു.
താമരശ്ശേരി താലൂക്കിൽ നിന്ന് തിരഞ്ഞെടുത്ത ഇത്രയും തൊഴിലാളികളെ യാത്രയാക്കാൻ എല്ലാ ഒരുക്കങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കിയതായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ വെച്ച് തൊഴിലാളികളുടെ വൈദ്യപരിശോധന കഴിഞ്ഞ് ഇവരെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കാൻ കെ.എസ്. ആർ.ടി.സി ബസ്സുകൾ വരുന്നതും കാത്തിരിക്കെയാണ് യാത്ര മാറ്റിവെക്കുകയാണെന്ന വിവരം ലഭിക്കുന്നത്. തിരിച്ചെത്തുന്ന തൊഴിലാളികളെ ക്വാറന്റൈനിൽ പാർപ്പിക്കാനുള്ള അസൗകര്യവും മറ്റും ചൂണ്ടിക്കാണിച്ച് തത്ക്കാലം അവിടേക്ക് വിടേണ്ടതില്ലെന്നു ബിഹാർ സർക്കാർ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു. അതോടെ തൊഴിലൊളികളോടെല്ലാം താമസസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ നിർദ്ദേശിച്ചു. രണ്ടോ മൂന്ന് ദിവസത്തിനകം നാട്ടിലേക്ക് പോകാനായേക്കുമെന്ന പ്രതീക്ഷ പകർന്നാണ് അവരെയൊക്കെയും അധികൃതർ മടക്കിവിട്ടത്.
ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ തൊഴിലാളികളെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സാമൂഹിക അകലം പാലിച്ചാണ് കൊണ്ടുപോകുന്നത്. ഏതു സംസ്ഥാനത്ത് നിന്നാണോ ട്രെയിൻ പുറപ്പെടുന്നത് അവിടത്തെ സർക്കാരാണ് എല്ലാ സൗകര്യവും ഒരുക്കാനുള്ള ബാദ്ധ്യത. കേരള സർക്കാർ ഇതനുസരിച്ച് എല്ലാ സംവിധാനങ്ങളും ഒരുക്കിയതാണ്. എന്നാൽ, അപ്പുറത്ത് ബീഹാർ സർക്കാരിന്റെ ഭാഗത്ത് വീഴ്ച വന്നതോടെ അവസാനനിമിഷം യാത്ര റദ്ദാക്കാൻ നിർബന്ധിതമാവുകയായിരുന്നു.