പേരാമ്പ്ര: അടച്ചുപൂട്ടലിൽ അടിപതറിപ്പോയ നാടിന്റെ അതിജീവനത്തിനായി തരിശുനിലങ്ങളിലുൾപ്പെടെ കൃഷിയിറക്കി വ്യക്തികളും സംഘടനകളും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് പലരും കൃഷിയിറക്കുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ട് പരിസരത്ത് ജലസേചന വകുപ്പ് ജീവനക്കാർ കൃഷി ആരംഭിച്ചു. മരച്ചീനി, ഇഞ്ചി, മഞ്ഞൾ, പച്ചക്കറി, എന്നിവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ മത്സ്യകൃഷിയും. നടീൽ കർമം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.എച്ച് .ഹബി നിർവഹിച്ചു. എരവട്ടൂർ, കൈതയ്ക്കൽ തുടങ്ങിയ സ്ഥങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയിരിക്കുന്നത്. മലയോരത്തെ വീട്ടുപറമ്പുകളിലും കൃഷി നടത്താനുള്ള ശ്രമത്തിലാണ് കർഷകർ. എന്നാൽ അനുയോജ്യമായ നടീൽ വസ്തുക്കൾ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.