koot

കുറ്റ്യാടി: കൊവിഡ് കാലത്ത് സർഗവാസനയുടെ മാന്ത്രികലോകം സൃഷ്ടിക്കുകയാണ് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വീ വിൻ ഗ്രൂപ്പ്‌. സ്‌കൂളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് വീ വിൻ. ഈ ഗ്രൂപ്പിലെ അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്നാണ് രണ്ട് ദിവസങ്ങളിലായി വിവിധ കലാ മേഖലകളിലെ കഴിവുകൾ ഓൺലൈനിലൂടെ അവതരിപ്പിച്ചത്.

ഗാനം, നൃത്തം, അഭിനയം, ചിത്രകല, കരകൗശലം, ഉപകരണസംഗീതം, കഥ, കവിത, മാജിക്ക് തുടങ്ങി 62 ഇനങ്ങൾ സർഗ സംഗമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചലച്ചിത്രതാരം വിനയ് ഫോർട്ട്‌ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.പി. മിനി ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളായ ഗീതിക, റീഹാ നൗറീൻ, കാദംബരി വിനോദ് എന്നിവരായിരുന്നു അവതാരകർ.

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ മേഖകളിലെ പ്രഗത്ഭരുമൊത്ത് ഒരു മണിക്കൂർ നീളുന്ന സംവാദ പരിപാടി വീ വിൻ സംഘടിപ്പിച്ചിരുന്നു.

ശാസ്ത്ര ലേഖിക സീമ ശ്രീലയം, ശിശുരോഗ വിദഗ്ദ്ധൻ ഡോ. സചിത്, സാമൂഹിക നീതി വകുപ്പ് വയനാട് ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്‌റഫ്‌ കാവിൽ, ഗായകൻ ശ്രീജിത് കൃഷ്ണ, കവി വീരാൻ കുട്ടി, കുട്ടികളുടെ നാടകകാരൻ ശിവദാസ് പൊയിൽക്കാവ്, സ്വാശ്രയ സംരംഭകൻ പ്രസാദ് പി. കൈതക്കൽ എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് വീ വിൻ കോ - ഓർഡിനേറ്റർമാരായ എൻ.പി.പ്രേംരാജ്, കെ.എ.രേഖ എന്നിവരാണ് നേതൃത്വം നൽകുന്നത്.