കൽപ്പറ്റ: എൻ.സി.സി.പരിശീലനത്തിന് പോയി ലോക്ഡൗണിൽ മഹാരാഷ്ട്രയിൽ കുടുങ്ങിയ അദ്ധ്യാപകർക്ക് നാട്ടിലെത്താൻ വഴിതെളിഞ്ഞു. ജില്ലയിലെ 10 അദ്ധ്യാപകർക്കും മുത്തങ്ങ വഴി വയനാട്ടിലേക്ക് പ്രവേശിക്കാൻ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല അനുമതി നൽകി.
കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി എൻ.സി.സി. ചുമതല വഹിക്കുന്ന 20 അദ്ധ്യാപകരെ പ്രീ കമ്മീഷൻ കോഴ്സ് പരിശീലനത്തിനായാണ് നാഗ്പൂരിനടുത്ത കാമ്പിയിലെ ഓഫീസേഴ്സ് ട്രെയ്‌നിംഗ് അക്കാഡമിയിലെത്തിയത്. വയനാട് ജില്ലയിൽ നിന്ന് 10 അദ്ധ്യാപകർ സംഘത്തിലുണ്ട്. കേരളത്തിലെ 20 അദ്ധ്യാപകരാണ് പരിശീലനത്തിനു പോയത്.
ഫെബ്രുവരി 10 മുതൽ ഏപ്രിൽ 9 വരെ 60 ദിവസത്തെ പരിശീലനമായിരുന്നു. എന്നാൽ ലോക്ഡൗൺ കാരണം അദ്ധ്യാപകർ എൻ.സി.സി ട്രയ്‌നിംഗ് അക്കാഡമിയിൽ കുടുങ്ങികിടക്കുകയായിരുന്നു.