കൽപ്പറ്റ: തിരിച്ചുവരുന്ന ഇതര സംസ്ഥാനങ്ങളിൽ കഴിയുന്നവരെ സ്വീകരിക്കാനും ആരോഗ്യപരിശോധനയ്ക്കുമായി മുത്തങ്ങ ചെക്‌പോസ്റ്റിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള വിലയിരുത്തി. നോർക്ക റൂട്ട്സ് വഴിയും കൊവിഡ് 19 ജാഗ്രത ആപ്പ് വഴിയും രജിസ്റ്റർ ചെയ്തവർക്ക് അനുമതി ലഭ്യമാകുന്ന മുറയ്ക്ക് കേരളത്തിലേക്ക് പ്രവേശിക്കാനാവും.

മണിക്കൂറിൽ അമ്പത് പേരെയാണ് പരിശോധനകൾക്ക് ശേഷം പ്രവേശിപ്പിക്കുക. 100 വീതം ആളുകളെ പൊലീസ് എസ്‌കോർട്ടോടെയാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കുള്ള തുടർയാത്ര അനുവദിക്കുക. ചെക്‌പോസ്റ്റിൽ ഒരുക്കിയ മിനി ആരോഗ്യ കേന്ദ്രത്തിൽ സാമൂഹിക അകലം പാലിച്ചാവും ആളുകളുടെ രേഖകളും ആരോഗ്യവും പരിശോധിക്കുക.
സംസ്ഥാനത്തേക്ക് വരുന്നവർ ഏത് ജില്ലയിലേക്കാണോ പോകുന്നത് ആ ജില്ലയിൽ നിന്നുള്ള അനുമതി കൊവിഡ് 19 ജാഗ്രത ഓൺലൈൻ സംവിധാനം വഴി നേടേണ്ടതാണെന്ന് കളക്ടർ പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) കെ.അജീഷ് എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
(ചിത്രം)