army

കോഴിക്കോട്: ഒടുവിൽ കോഴിക്കോടും കൊവിഡ് മുക്ത ജില്ലയായി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ ശേഷം കോഴിക്കോട് രോഗമുക്തമാകുന്നത് ഇതാദ്യം. ചികിത്സയിൽ തുടരുകയായിരുന്ന നാലു പേരും ഇന്നലെ രോഗമുക്തരാവുകയായിരുന്നു. ഇവരിൽ രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജിലെ വനിതാ ഹൗസ് സർജന്മാരാണ്. ഒരാൾ വടകരക്കാരിയും മറ്റൊരാൾ കണ്ണൂർ സ്വദേശിയും. കോടഞ്ചേരി മൈക്കാവ് സ്വദേശിയായ ആരോഗ്യ പ്രവർത്തകയ്ക്കു പുറമെ അഗതിയായ തമിഴ്‌നാട്ടുകാരനുമാണ് മറ്റു രണ്ടു പേർ. കഴിഞ്ഞ 11 ദിവസമായി ജില്ലയിൽ പോസിറ്റീവ് കേസ് വന്നിട്ടില്ല.

ഇന്നലെ 70 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ഡി.എം.ഒ ഡോ.വി. ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയിൽ മൊത്തം 22,465 പേർ നിരീക്ഷണ കാലയളവ് പിന്നിട്ടു. ഇപ്പോൾ 1029 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 6 പേർ ഉൾപ്പെടെ 30 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.

ഇന്നലെ 103 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2015 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 1867 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1833 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 178 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

ലോക്ക് ഡൗണിനു ശേഷം നടപ്പിലാക്കേണ്ട കർമ്മപദ്ധതികൾ ഡി.എം.ഒ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ആസൂത്രണം ചെയ്തു. മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 16 പേരെ ഇന്നലെ കൗൺസലിംഗിന് വിധേയരാക്കി. 113 പേർക്ക് ഫോണിലൂടെയും സേവനം നൽകി. ഇന്നലെ 1911 സന്നദ്ധസേന പ്രവർത്തകർ 6029 വീടുകൾ സന്ദർശിച്ച് ബോധവത്കരണവും നടത്തി.

ഇതിനകം നിരീക്ഷണം പിന്നിട്ടത്

22,465 പേർ

ഇന്നലെ നിരീക്ഷണ

കാലയളവ് കഴിഞ്ഞത്

70 പേർ

നിരീക്ഷണത്തിൽ

തുടരുന്നത്

1029 പേർ