മഞ്ചേരി: ലക്ഷദ്വീപുകാരി ലുഖ്‌മാനയ്ക്ക് മഞ്ചേരിയിലെ മാളവികയുടെ വീട് ഇപ്പോൾ സ്വന്തം വീടാണ്. ലുഖ്‌മാനയുടെ സന്തോഷമാണ് മാളവികയ്ക്കും കുടുംബത്തിനും ആനന്ദം. അതിനായി അവൾക്കൊപ്പം റംസാൻ നോമ്പനുഷ്ഠിക്കുകയാണ് മാളവികയും അനുജത്തിയും അച്ഛനും അമ്മയും. ലക്ഷദ്വീപിലെ ആയുർവേദ ഡോക്ടറായ അബ്ദുറഹ്മാന്റെയും മറിയത്തിന്റെയും മകളാണ് ലുഖ്‌മാന എന്ന് മാളവികയുടെ വീട്ടുകാർ വിളിക്കുന്ന ലുഖ്‌മാനുൽ സബ. എൻട്രൻസ് കോച്ചിംഗിനാണ് ലക്ഷദ്വീപിലെ അകത്തിയിൽനിന്ന് കേരളത്തിലെത്തിയത്. ലോക്ക്‌ഡൗണിനെ തുടർന്ന് പൂക്കളത്തൂരിലെ എൻഡ്രൻസ് കോച്ചിംഗ് സെന്ററിന്റെ ഹോസ്റ്റൽ അടച്ചു. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ലുഖ്‌മാനയെ സഹപാഠിയായ മാളവിക, മഞ്ചേരി കോവിലകംകുണ്ടിലെ തന്റെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ പ്രദീപും മഞ്ചേരി ബോയ്സ് ഹൈസ്‌കൂൾ അദ്ധ്യാപിക ബിന്ദുവും സ്വന്തം മകളെപ്പോലെ ലുഖ്‌മാനയെയും ചേർത്തുപിടിച്ചു.
ലോക്ക്‌ഡൗൺ നീണ്ടുപോയതോടെ നോമ്പുകാലമെത്തി. മറ്റൊന്നും ആലോചിച്ചില്ല. ലുഖ്‌മാനയ്ക്കൊപ്പം നോമ്പുപിടിക്കാൻ മാളവിക തീരുമാനിച്ചു. വീട്ടുകാർക്കും സന്തോഷമായി. അവരും ഒപ്പം കൂടി. പ്രഭാത ഭക്ഷണത്തിനായി എല്ലാവരും പൂലർച്ചെ നാലിന് എഴുന്നേൽക്കും. പിന്നെ ഓൺലൈൻ ക്ലാസും പരീക്ഷയുമായി ലുഖ്‌മാനയും മാളവികയും കുറച്ചുനേരം തിരക്കിലാവും. മാളവികയുടെ അനുജത്തി കീർത്തനയും കൂട്ടിനുണ്ടാവും. വൈകുന്നേരത്തോടെ ലുഖ്‌മാനയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങളുമായി എല്ലാവർക്കും നോമ്പ് തുറക്കാനുള്ള ഭക്ഷണം ഒരുങ്ങും. മകളുടെ കൂട്ടുകാരി ഇപ്പോൾ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്നും ഈ ചെയ്യുന്നത് ഒരു അസാധാരണ കാര്യമായി തോന്നുന്നില്ലെന്നും പ്രദീപ് പറയുമ്പോൾ, തങ്ങളുടെ മകൾ സുരക്ഷിത കരങ്ങളിൽ സന്തോഷത്തോടെ ഇരിക്കുന്നതിന്റെ സമാധാനത്തിലാണ് ലുഖ്‌മാനുലിന്റെ ഉപ്പയും ഉമ്മയും.
''മാളവികയുടെ വീട് എനിക്കേറ്റവും സുരക്ഷിതമായ ഇടമാണ്. എനിക്കൊപ്പം നോമ്പെടുക്കാൻ വീട്ടുകാരെല്ലാം തുടങ്ങിയത് അപ്രതീക്ഷിത അനുഭവമാണ്. ഒരുപാട് സന്തോഷം
-ലുഖ്‌മാനുൽ സബ