മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിലും ബ്ലാക്ക്മാൻ ഇറങ്ങിയെന്ന വ്യാജ പ്രചാരണം നടത്തിയ യുവാവിനെ മുക്കം പൊലീസ് പിടികൂടി. മുത്താലം കാഞ്ഞിരത്തിങ്ങൽ മേത്തൽ വീട് രാജേഷ് (34)ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11മണിയോടെ മുത്തേരിയിലെ ഒരു വീട്ടിൽ ബ്ലാക്ക്മാൻ കയറിയെന്നും പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയെന്നുമുള്ള ശബ്ദ സന്ദേശമാണ് ഇയാൾ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. വിവിധ ഗ്രൂപ്പുകളിൽ സന്ദേശമെത്തിയതോടെ കൂട്ടമായി വന്ന ആളുകളെ മുക്കം പൊലീസെത്തിയാണ് പറഞ്ഞുവിട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്. രാത്രി കാലങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് രസിക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെയും അത്തരം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്‌മിൻമാരെയും പൊലീസ് തിരയുന്നുണ്ട്. മുക്കം സി.ഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജിദ്, എ.എസ്.ഐ സലീം മുട്ടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിനേഷ്, ഷഫീഖ് നീലിയാനിക്കൽ, അനൂപ് തറോൽ, എം.അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.