മുക്കം: മകളുടെ വിവാഹത്തിന് റിട്ട.അദ്ധ്യാപകൻ കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. ഓമശേരി നടുകിൽ "ചൈത്ര"ത്തിൽ ഇ.സത്യനാരായണനാണ് മകളുടെ വിവാഹം ലളിതമായി നടത്തി ഒരു ലക്ഷം രൂപ സംഭാവന നൽകിയത്. ഇദ്ദേഹത്തിന്റെ മകൾ ഇ.എസ്. ഗാർഗിയും വെസ്റ്റ് മണാശേരി "സൗപർണിക"യിൽ വിജയകുമാറിന്റെ മകൻ അശ്വിൻ വിജയും തമ്മിലുള്ള വിവാഹം മേയ് ഒന്നിന് വെസ്റ്റ് മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ വീട്ടിൽ വച്ച് വിവാഹം ലളിതമായി നടത്തുകയായിരുന്നു. ജോർജ്.എം.തോമസ് എം.എൽ.എയുടെ മുക്കത്തെ ഓഫീസിലെത്തി വധൂവരൻമാരും ഇ.സത്യനാരായണനും തുക കൈമാറി.