കോഴിക്കോട്: കൊവിഡിനെ തുടർന്ന് സംസ്ഥാനത്തെ നിർമ്മാണമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പ്രളയമുൾപ്പെടെയുള്ള പ്രകൃതി ക്ഷോഭങ്ങളെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന നിർമ്മാണ മേഖലയ്‌ക്ക് കൊവിഡ് ലോക്ക് ഡൗൺ ഇരുട്ടടിയായി. ഇതുകാരണം എല്ലാ നിർമ്മാണങ്ങളും നിലച്ചു. ലോക്ക് ഡൗണിന് ശേഷവും മേഖലയിലെ പ്രതിസന്ധി തുടരും.
സിമന്റിന്റെ വിലക്കയറ്റവും തിരിച്ചടിയായി. ഒരു ചാക്ക് സിമന്റിന് 40 മുതൽ 50 രൂപ വരെയാണ് വില കൂടിയത്. ഇതിന്റെ ചുവട് പിടിച്ച് നിർമ്മാണ സാമഗ്രികളുടെ വിലയും വർദ്ധിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പിയുൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിലയും വർദ്ധിക്കുമെന്നാണ് സൂചന. അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു പോകുന്നതും വെല്ലുവിളിയാകും.
കൽപ്പണിക്കാർ, ആശാരിമാർ, മാർബിൾ - ടൈൽ പണിക്കാർ, വെൽഡിംഗ് തൊഴിലാളികൾ തുടങ്ങിയവർക്കൊന്നും ജോലിയില്ല. അനുബന്ധമായുള്ള ഡ്രൈവർമാർ ലോഡിംഗ് തൊഴിലാളികളും ചെറുകിട നിർമ്മാണ മേഖലയുമെല്ലാം പ്രതിസന്ധിയിലണ്. നിർമ്മാണ സാമഗ്രികൾ കിട്ടാത്തതിനെ തുടർന്ന് പലരുടെയും വീട് നിർമ്മാണം നീളുകയാണ്. കല്ല്, മണൽ, മെറ്റൽ ഉൾപ്പെടെയുള്ളവയുടെ ക്ഷാമവും വില വർദ്ധനവും സാമ്പത്തിക പ്രശ്‌നങ്ങളും പ്രതിസന്ധി രൂക്ഷമാക്കും.
തൊഴിലാളികൾ നാട്ടിലേക്ക്
നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ അധികവും നിർമ്മാണ മേഖലയിലുള്ളവരാണ്. ലോക്ക് ഡൗണിന് ശേഷവും തൊഴിൽ ലഭിക്കില്ലെന്ന സൂചനയാണ് ഇവരെ നാട്ടിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് തുടരുന്നവരും ആശങ്കയിലാണ്. നാട്ടിൽ പോയാലും ജോലി ഉണ്ടാകാത്ത സാഹചര്യത്തിൽ കുറച്ചു കാലം കൂടി കേരളത്തിൽ തുടരാമെന്ന് കരുതുന്നവരുമുണ്ട്.
നിർമ്മാണ സാമഗ്രികളുടെ വില
സിമന്റ് (ചാക്കിന്): 425 രൂപ
ചെങ്കല്ല് (ഒന്ന്): 45- 50 രൂപ
എംസാന്റ് (ചതുരശ്ര അടിക്ക്): 65 രൂപ
പി. സാൻഡ് (ചതുരശ്ര അടിക്ക്): 70 രൂപ
'സിമന്റുൾപ്പെടെയുള്ള നിർമ്മാണ സാധനങ്ങൾക്ക് വൻ തോതിലാണ് വില കൂടുന്നത്. ചെങ്കല്ല് കിട്ടാനില്ല. എം. സാൻഡ്, പി. സാൻഡ് എന്നിവയ്ക്കെല്ലാം ചതുരശ്ര അടിയ്ക്ക് പത്ത് രൂപയോളം കൂടി. അന്യ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു പോക്കും പ്രതിസന്ധിയിലാക്കും".
- കെ.എം. അഖിൽ, കരാറുകാരൻ