കോഴിക്കോട്: പ്രവാസികളുടെ മടക്കത്തിൽ കേന്ദ്രസർക്കാർ മനുഷ്യത്വപൂർണമായ സമീപനം സ്വീകരിക്കണമെന്ന് കെ.എൻ.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. ശമ്പളം പോലും കിട്ടാത്ത പ്രവാസികളുടെ പ്രയാസം മനസിലാക്കി അവരുടെ ടിക്കറ്റ് ചാർജ് കേന്ദ്ര സർക്കാർ വഹിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തണം. പ്രവാസികൾക്കായി സമഗ്രമായ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് സകാത്ത്, ഫിത്ർസകാത്ത് എന്നിവയുടെ സംഭരണവും വിതരണവും പ്രാദേശികതലത്തിൽ കാര്യക്ഷമമായി നടത്താൻ പദ്ധതി തയ്യാറാക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകും. ഓൺ ലൈനിൽ ചേർന്ന നേതൃസംഗമം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ എന്നിവർ പ്രസംഗിച്ചു.