post-office-

പാറക്കടവ്: വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് മാസ്കും ബോധവത്ക്കരണ കത്തും തപാൽവഴി അയച്ച് പാറക്കടവ് വേവം എൽ.പി സ്കൂൾ വേറിട്ട മാതൃകയായി. സ്കൂളിലെ നൂറോളം കുട്ടികൾക്കാണ് മാസ്കും കത്തും അയച്ചത്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ദിവസം വീടുകളിൽ മാസ്കും കത്തും എത്തിയത് കുട്ടികളെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തി. നേരത്തെ പാറക്കടവ് പോസ്റ്റ് ഓഫീസിലും മാസ്കുകൾ വിതരണം ചെയ്തിരുന്നു. കുട്ടികൾ വീടുകളിൽ കഴിയേണ്ടതിന്റെ ആവശ്യകത, വ്യക്തി ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയ കാര്യങ്ങളാണ് 'പ്രിയപ്പെട്ട അദ്ധ്യാപകർ" അയച്ച കത്തിൽ വിവരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.മഹമൂദ്, പി.ടി.എ പ്രസിഡന്റ് കെ.കെ.അബ്ദുള്ള എന്നിവരുടെ സാന്നിദ്ധ്യത്തിൽ തപാൽ ജീവനക്കാരി പി .കെ ശോഭ ആദ്യ കത്ത് വിദ്യാർത്ഥി മുഹമ്മദ് റാദിന് കൈമാറി. അദ്ധ്യാപകരായ കെ.കെ.സുമ,കെ.എൻ. ഗിരീഷ് കുമാർ, സാജിദ് തറോൽ, എ.കെ.നൗഫൽ, കെ.പി.ജംഷീർ എന്നിവർ നേതൃത്വം നൽകി. ലെന ക്രിയേഷൻസിന്റെ സഹായത്തോടെയാണ് മാസ്കുകൾ നിർമ്മിച്ചു നൽകിയത്.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളിലും പാതയോരത്തും കൈകഴുകൽ കേന്ദ്രം സ്കൂൾ പി.ടി.എ സ്ഥാപിച്ചിരുന്നു.