station

എടച്ചേരി: കൊവിഡിന്റെ പശ്ചാത്തലത്തിൽ കോടഞ്ചേരി പള്ളിത്താഴ അൽ അഹ്‌ലി സ്‌പോർട്സ് ക്ലബിന്റെ വാർഷികാഘോഷം പ്രതിരോധത്തിന് വഴിമാറി. ഏപ്രിൽ എട്ടിന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് ലോക്ക് ഡൗണിനെ തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന് വഴിമാറിയത്. തുടർന്ന് മാസ്‌ക് നിർമ്മാണവും വിതരണവും സംഘടിപ്പിച്ചു.

ആദ്യഘട്ടത്തിൽ 1000 മാസ്‌കാണ് വിതരണം ചെയ്തത്. നാദാപുരം പൊലീസ് സ്റ്റേഷൻ, ചേലക്കാട് ഫയർസ്റ്റേഷൻ, തൂണേരി പഞ്ചായത്ത് ഓഫീസ്, എടച്ചേരി പാലിയേറ്റീവ്, തൂണേരി കെ.എസ്.ഇ.ബി ഓഫീസ്, എടച്ചേരി പതിനാറാം വാർഡിലെ ആർ.ആർ.ടി വോളണ്ടിയർമാർ, പൊതുജനങ്ങൾ എന്നിവർക്കാണ് മാസ്‌ക് നൽകിയത്. രണ്ടാം ഘട്ടത്തിൽ ക്ലബ് പ്രവർത്തിക്കുന്ന നിറന്നി പ്രദേശത്തെ മുഴുവൻ വീടുകളിലും മാസ്കുകൾ വിതരണം ചെയ്യും. മാസ്‌ക് നിർമ്മാണത്തിനുള്ള സാധനങ്ങൾ പൊതുപ്രവർത്തകനായ കളരിയുള്ളതിൽ മഹമൂദാണ് നൽകിയത്. ക്ലബ് ഭാരവാഹികളായ സുബൈർ, സമദ്, അസ്‌ലം, ഹാരിസ്, റഹീസ്, സജ്‌ഫൽ എന്നിവർ നേതൃത്വം നൽകി.