മാനന്തവാടി: കാൻസർ രോഗിക്ക് മരുന്ന് മുടങ്ങാതിരിക്കാൻ കേരള പൊലീസിന്റെ കരുതൽ. മാനന്തവാടി സ്വദേശിനിയും ബാങ്ക് ഓഫ് ബറോഡയിലെ മുൻ ജീവനക്കാരിയുമായ 70 കാരി ലക്ഷ്മിക്കാണ് പൊലീസ് ബംഗളുരുവിൽ നിന്ന് മരുന്ന് എത്തിച്ച് നൽകിയത്. മുൻ കൃഷി വകുപ്പ് ഡയറക്ടർ ബാലസുബ്രമണ്യന്റെ ഭാര്യയാണ് ലക്ഷ്മി. കാൻസർ രോഗത്തിന് ബംഗളുരുവിൽ മുമ്പ് ചികിത്സയിലായിരുന്നു. തുടർ ചികിസയ്ക്കുള്ള മരുന്ന് ബംഗളുരുവിൽ മാത്രമാണ് ലഭിച്ചിരുന്നത്. ലോക്ക് ഡൗൺ കാരണം മരുന്ന് മുടങ്ങി. ഏക മകൾ ലളിത അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികൾക്ക് മരുന്ന് ലഭിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലന്നറിഞ്ഞ് പടിഞ്ഞാറത്തറ സ്റ്റേഷനിലെ എസ്.ഐ. ഇ.കെ.അബൂബക്കറാണ് പ്രശ്നത്തിൽ ആദ്യം ഇടപെട്ടത് . പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ പ്രകാശന്റെ നിർദ്ദേശപ്രകാരം ബംഗളുരുവിലെ സിറ്റി പൊലീസ് ഇൻസ്‌പെക്ടർ ഗോപാലുമായി ബന്ധപ്പെട്ടു. ഗോപാൽ മരുന്ന് വാങ്ങി മൈസൂരുവിലെത്തിച്ചു. അബൂബക്കറിന്റെ സുഹൃത്തായ പൊലീസ് ഇൻസ്‌പെക്ടറാണ് മൈസൂരുവിൽ നിന്ന് മാനന്തവാടിയിലെത്തിച്ച് കേരള പൊലീസിന് കൈമാറിയത്.
പൊലീസിന്റെ കരുതലിന് നന്ദി പറയുകയാണ് സുബ്രഹ്മണ്യനും ലക്ഷ്മിയും.