കൽപ്പറ്റ: അയൽ സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി വെള്ളിയാഴ്ച മുതൽ ആയിരം പേർക്ക് പ്രവേശനം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
നിലവിൽ 400 പേർക്കാണ് അനുമതിയുളളത്. ഇതിന്റെ ഭാഗമായി മുത്തങ്ങ കലൂർ 67 ൽ ഒരുക്കിയ മിനി ആരോഗ്യകേന്ദ്രത്തിൽ അധിക സംവിധാനമൊരുക്കും. പരിശോധനാ കൗണ്ടറുകളുടെ എണ്ണം 10 ആക്കി വർദ്ധിപ്പിക്കും. ഇവിടങ്ങളിൽ അധിക ജീവനക്കാരെയും നിയോഗിക്കും. നിലവിൽ നാല് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.
ജില്ലയിൽ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മാത്രമാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾക്ക് പ്രവേശനമുളളത്. ഗർഭിണികൾ, രോഗചികിൽസയ്ക്കായി വരുന്നവർ, മൃതശരീരവുമായി എത്തുന്നവർ എന്നിവർക്ക് ക്യൂ നിൽക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള പറഞ്ഞു.
യോഗത്തിൽ എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ,ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അർ. രേണുക തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം)
മിനി ആരോഗ്യകേന്ദ്രം മന്ത്രി സന്ദർശിച്ചു
കൽപ്പറ്റ: മുത്തങ്ങ കലൂർ 67 ൽ താൽക്കാലികമായി നിർമ്മിച്ച മിനി ആരോഗ്യകേന്ദ്രം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് മന്ത്രിയെത്തിയത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേയ്ക്ക് എത്തുന്നവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജില്ലാ ഭരണകൂടം സജ്ജീകരിച്ചതാണ് ഈ ആരോഗ്യകേന്ദ്രം. ഇവിടെ നടക്കുന്ന പരിശോധനയിൽ രോഗലക്ഷണമില്ലെന്ന് കണ്ടെത്തുന്നവരെയാണ് യാത്ര തുടരാൻ അനുവദിക്കുന്നത്. മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴിയെത്തുന്നവർക്ക് മികച്ച സൗകര്യമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ,ഐ.സി ബാലകൃഷ്ണൻ, ഒ.ആർ കേളു, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ സാബു, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭൻകുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് മന്ത്രി മുത്തങ്ങ ചെക്‌പോസ്റ്റും സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.
(ചിത്രം)
ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ മുത്തങ്ങ കലൂർ 67 ൽ താൽക്കാലികമായി നിർമ്മിച്ച മിനി ആരോഗ്യകേന്ദ്രം സന്ദർശിക്കുന്നു.
കണ്ടൈൻമെന്റ് സോണിൽ കടുത്ത നിയന്ത്രണം
കൽപ്പറ്റ: കണ്ടൈൻമെന്റ് സോണിലേക്കും പുറത്തേക്കുമുളള പ്രവേശനം കർശനമായി നിയന്ത്രിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യവസ്തു വിഭാഗത്തിൽപ്പെടുന്ന പലചരക്ക് കടകൾ, പഴം, പച്ചക്കറി, മത്സ്യം, ബിഫ്, ചിക്കൻ കടകൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. ബേക്കറികൾക്കും നിയന്ത്രിതമായി പ്രവർത്തിക്കാം. ചായ, കാപ്പി, ശീതളപാനീയങ്ങൾ, സ്നാക്സ് തുടങ്ങിയവ വിൽക്കാൻ പാടില്ല.
രാവിലെ 7 മുതൽ വൈകീട്ട് 5 വരെയാണ് അവശ്യസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുളളത്. ടൗണുകളിൽ തെരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ ഷോപ്പിന് രാത്രി 8 വരെ തുറക്കാം. ആരോഗ്യപരമായ അടിയന്തര ഘട്ടങ്ങളിലും അവശ്യവസ്തുക്കൾ വാങ്ങുന്നതിനുമൊഴികെ ആരും പുറത്തിറങ്ങരുത്. ഇങ്ങനെ ഇറങ്ങുന്നവർ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കുന്ന സത്യവാങ്മൂലം കരുതണം. അല്ലാത്തപക്ഷം ലോക്ഡൗൺ ചട്ടലംഘനത്തിന് കേസെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ശ്രദ്ധിക്കാൻ
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പോകേണ്ട ജില്ലയുടെ കളക്ടറിൽ നിന്ന് യാത്രാനുമതി വാങ്ങണം. യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ നോർക്ക രജിസ്‌ട്രേഷൻ ഐ.ഡി.ഉപയോഗിച്ച് കോവിഡ് 19 ജാഗ്രത വെബ്‌സെറ്റിൽ രജിസ്റ്റർ ചെയ്യണം. നോർക്കയിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് covid19jagratha.kerala.nic.in വഴി പുതിയതായി രജിസ്റ്റർ ചെയ്യാം. പുറപ്പെടുന്ന സംസ്ഥാനത്ത് നിന്നുള്ള യാത്രാനുമതിയും ആവശ്യമെങ്കിൽ നേടണം. ചെക്ക് പോസ്റ്റുകളിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരോ ദിവസവും കടത്തിവിടുകയുള്ളൂ. കൊവിഡ് ജാഗ്രത വെബ്‌സെററിലൂടെ യാത്ര തീയ്യതിയും പ്രവേശന ചെക്ക് പോസ്റ്റും തെരഞ്ഞെടുക്കാൻ സാധിക്കും. നൽകിയിട്ടുള്ള മൊബൈൽ നമ്പറിലും ഇമെയിൽ വിലാസത്തിലും ക്യൂ ആർ കോഡ് സഹിതമുള്ള യാത്രാനുമതി ലഭ്യമാകും. അനുമതി ലഭിച്ച ശേഷം മാത്രമേ യാത്ര തുടങ്ങാവൂ.
ഒരു വാഹനത്തിൽ ഗ്രൂപ്പായോ കുടുംബ സമേതമോ വരുന്നവർ വ്യക്തിഗത രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കണം. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികൾ ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ല അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കണം. ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പർ നൽകണം. ചെക്ക് പോസ്റ്റിലെ എൻഫോഴ്സ്‌മെന്റ് സ്‌കോഡുകളുടെ പരിശോധനയ്ക്ക് യാത്ര പെർമിറ്റ് കൈയ്യിൽ കരുതണം.
സാമൂഹ്യ അകലം പാലിച്ച് മാത്രമേ യാത്ര പാടുള്ളൂ. അഞ്ചു സീറ്റ് വാഹനത്തിൽ നാല് പേർക്ക് കയറാം. ഏഴു സീറ്റ് വാഹനത്തിൽ അഞ്ചും വാനിൽ പത്തും ബസ്സിൽ 25 പേർക്കും യാത്ര ചെയ്യാം. മുഖാവരണം സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. അതിർത്തി ചെക്ക് പോസ്റ്റ് വരെ വാടക വാഹനത്തിൽ വരികയും ശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരുകയും ചെയ്യുന്നവർ അതത് സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ ക്രമീകരിക്കണം. യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനത്തിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. ഡ്രൈവറും യാത്രയ്ക്ക് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിന് ചെക്ക് പോസ്റ്റിൽ പോകുന്ന ഡ്രൈവർ കൊവിഡ് ജാഗ്രത വെബ്‌സൈറ്റിലൂടെ അതത് കളക്ടർമാരിൽ നിന്ന് എമർജൻസി പാസ് വാങ്ങണം.
ചെക്ക് പോസ്റ്റിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിലേക്ക് പോകാം. ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണമുള്ളവരെ കോവിഡ് കെയർ സെന്ററിലോ ആശുപത്രിയിലോ പ്രവേശിപ്പിക്കും.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ബന്ധുക്കളെ അവിടെ ചെന്ന് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നവർക്ക് ജില്ലാ കളക്ടർ പുറത്ത് പോകാനും തിരിച്ചുവരാനുമുള്ള പാസ്സ് നൽകും. പാസ്സിൽ യാത്ര ചെയ്യുന്ന വ്യക്തിയുടെ പേര് ബന്ധുവിന്റെ പേര് എന്നിവ ഉൾപ്പെടുത്തും. യാത്ര നടത്തുന്നവർ ക്വാറന്റൈൻ സംബന്ധിച്ച നടപടികൾ പാലിക്കണം. പോകുന്ന സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കുള്ളൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങൾക്കുള്ള മടക്ക പാസ്സ് ജില്ലാ കളക്ടർമാർ അനുവദിക്കും. കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് 19 ജാഗ്രത മെബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. യാത്രയുമായി ബന്ധപ്പെട്ട അവിചാരിത തടസ്സങ്ങൾ അറിയിക്കുന്നതിന് 04971 2781100, 2781101 എന്ന നമ്പറിൽ വിളിക്കാം.
അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ തുടങ്ങി
കൽപ്പറ്റ: നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുളള അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ മാനന്തവാടി നഗരസഭയിൽ തുടങ്ങി. ആദ്യദിനം 557 പേരാണ് രജിസ്റ്റർ ചെയ്തത്. വെസ്റ്റ് ബംഗാൾ 293, ബീഹാർ 95, തമിഴ്നാട് 9, അസാം 42, ഛത്തീസ്ഗഡ് 6, യു.പി 78, രാജസ്ഥാൻ 10,കർണാടക 8, ഝാർഖണ്ഡ് 2, മധ്യപ്രദേശ് 3, ഒഡീഷ 11 എന്നിങ്ങനെയാണ് രജിസ്‌ട്രേഷൻ. ഇവരുടെ ആരോഗ്യ പരിശോധന അടുത്ത ദിവസം നടക്കും. കോഴിക്കോട് നിന്ന് ട്രെയിനിലാണ് ഇവരെ സ്വന്തം നാട്ടിലേക്ക് അയയ്ക്കുകയെന്ന് മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് അറിയിച്ചു.