കുറ്റ്യാടി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, വേളം, കാവിലുംപാറ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ പൊട്ടിയും കടപുഴകിയും ഇരുപതിലേറെ വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. മരുതോങ്കര പഞ്ചായത്തിലെ വാഴയിൽ ജാനകി അമ്മയുടെ വീടാണ് മരങ്ങൾ പൊട്ടിവീണ് പൂർണമായും തകർന്നത്. മഴ കാരണം വീട്ടുകാർ അയൽവീടുകളിലേക്ക് പോയതിനാൽ വൻ അപകടം ഒഴിവായി.
ജ്യോതി നിവാസിലെ മണിയമ്മ, ഏച്ചീലാട്ടുമ്മൽ സുധാകരൻ, വള്ളിപറമ്പിൽ രാജു, പുളക്കണ്ടി ബാലൻ, വലിയ പറമ്പിൽ ബാലൻ, എളളിൽ ശിവദാസൻ, കരണ്ടോട് കണ്ടി സജിത്ത്, നകുലൻ മാമ്പിലാട്, ചന്ദ്രൻ പാറ ചാലിൽ, ഗോവിന്ദൻ കാവിൽ, സുരേന്ദ്രൻ വലിയ പറമ്പിൽ, തേങ്ങാ കല്ലുമ്മൽ ചന്ദ്രൻ, കുറ്റ്യാടിയിലെ ഊരത്ത് തറവട്ടത്ത് സുശീല ബാബു, വേളം പുളിക്കൂൽ കുഞ്ഞിരാമൻ എന്നിവരുടെ വീടുകൾ തകർന്നു. മൊയിലോത്ത കച്ചേരി താഴ പുതുക്കോട്ട് കമലാക്ഷി അമ്മയുടെ പശുത്തൊഴുത്ത് തെങ്ങ് വീണ് ഭാഗികമായി തകർന്നു. തൊഴുത്തിലെ പശുക്കൾ അത്ഭുതകരമായി രക്ഷപെട്ടു. വേളം മണിമല കമ്മന നാണുവിന്റെ കിണറിന്റെ ആൾമറ താഴ്ന്നുപോയി. കാറ്റിൽ വേളം ചെറുകുന്നിലെ കോട്ടക്കുന്നുമ്മൽ വി.സി ദേവിയുടെയും സി പി നാണുവിന്റെയും വീട് തകർന്നു. വി.കെ.ചെക്കുവിന്റെ കൂട തകർന്നു. പറമ്പത്ത് ഇഖ്ബാൽ, ഇടവലത്ത് നിസാർ, എന്നിവരുടെ വാഴ കൃഷി നശിച്ചു. മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ റബ്ബർ തോട്ടം കാറ്റിൽ നശിച്ചു. പുതുപ്പള്ളി തകിടിയേൽ മനോജിന്റെ കൃഷി നശിച്ചു. കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് വാഴ, തെങ്ങുകൾ, റബ്ബർ, മറ്റു നാണ്യവിളകൾ കാറ്റിൽ നശിച്ചു. മരംപൊട്ടി വീണതിനാൽ മിക്ക പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. മരുതോങ്കര പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി, വൈസ് പ്രസിഡന്റ് സി.പി. ബാബുരാജ്, കെ.നിഷ, കെ.ടി.മുരളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ചന്ദ്രൻ, വില്ലേജ് ഓഫീസർ കെ. ഷാജി എന്നിവർ സന്ദർശിച്ചു. വീടുകൾക്ക് കേടുപാടുകളും കൃഷി നാശവും സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്റ് പി.എം. ജോർജും, കിസാൻ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കോരംങ്കോട്ട് മൊയ്തുവും ആവശ്യപ്പെട്ടു.