പേരാമ്പ്ര: 'യുവത്വം പാടത്തേക്ക് " എന്ന മുദ്രാവാക്യവുമായി പാടത്തേക്കിറങ്ങി നൂറുമേനി വിളയിച്ച് വിയ്യഞ്ചിറയിലെ യുവജന കൂട്ടായ്മ. ജില്ലയിലെ നെല്ലറകളിലൊന്നായ കരുവോട് ചിറയിലെ അഞ്ച് ഏക്കർ പാ ടത്താണ് 'യുവത'കൃഷി ഇറക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊയ്ത്തുത്സവം നടത്തി. യൂണിറ്റ് പരിധിയിലെ ഇരുപതോളം ചെറുപ്പക്കാരുടെ കൂട്ടായ്മ രൂപീകരിച്ചാണ് ഡി.വൈ.എ.ഫ്.ഐ പാടത്തേക്ക് ഇറങ്ങിയത്. പതിവു തെറ്റിച്ച് കരുവോട് ചിറയോട് ചേർന്ന പ്രധാന തോട്ടിലെ വെള്ളം വറ്റിയത് തിരിച്ചടിയായിരുന്നു. കനാൽ തുറക്കാൻ വൈകിയതും വേനൽ മഴ ചതിച്ചതും ജലക്ഷാമം രൂക്ഷമാക്കി. കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള നടുവത്തൂർ ഭാഗം കനാൽ തുറന്നതോടെ വിളയാട്ടൂരിൽ നിന്ന് കരുവോട് ചിറയിലേക്കുള്ള 500 മീറ്ററോളം വരുന്ന കനാൽ വൃത്തിയാക്കിയാണ് കൃഷിയിടത്തേക്ക് വെള്ളം എത്തിച്ചത്. കൊയ്തുത്സവം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ കെ.സജീഷ് ഉദ്ഘാടനം ചെയ്തു.
മന്ത്രി ടി.പി.രാമകൃഷ്ണൻ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ,പി,ബിജു, മണ്ഡലം വികസന മിഷൻ കൺവീനർ എം.കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.