ഫറോക്ക്: ലോക്ക് ഡൗണിന്റെ മറവിൽ ചാലിയാറിൽ അനധികൃത മണലെടുപ്പ് വ്യാപകമെന്ന് പരാതി. കൊളത്തറ, ചുങ്കം, മാട്ടുമ്മൽ പ്രദേശങ്ങളിൽ നിന്ന് രാത്രിയിൽ തോണികളിൽ മണൽ കോടമ്പുഴയിലെ ചാലിയാർ തീരത്തുള്ള താഴത്തൊടി, കല്ലട, മഠത്തിൽത്താഴം എന്നീ പാതാറുകളിൽ എത്തിക്കുകയും അവിടെ നിന്ന് വാഹനങ്ങളിൽ കയറ്റി വിൽപ്പന നടത്തുകയുമാണ് . രാത്രി 11 മണിയോടെ തുടങ്ങുന്ന മണൽക്കടത്ത് പുലർച്ചെ 4 മണി വരെ തുടരുന്നതായി സമീപവാസികൾ പറയുന്നു.10,000 മുതൽ 15,000 രൂപ വരെയാണ് ലോഡിന് ഈടാക്കുന്നത്. ഹോട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് കൊളത്തറ. അവിടെ മണലൂറ്റ് സംഘം ഒത്തുചേരുന്നത് രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന് നാട്ടുകാർ ഭയക്കുന്നു. ഒരു മാസമായി നടക്കുന്ന മണൽക്കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.