covid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 38 പേർകൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ആകെ 22,503 പേർ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. സംസ്ഥാനത്ത് കൂടുതൽ പേർ നിരീക്ഷണം പൂർത്തിയാക്കിയത് കോഴിക്കോട്ടാണ്. ഇപ്പോൾ 1050 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 11 പേരുൾപ്പെടെ 18 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 23 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

ഇന്നലെ 24 സ്രവ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു. 2039 സാമ്പിളുകളിൽ 1906 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1876 എണ്ണം നെഗറ്റീവാണ്. 133 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോൾ കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ആരും ചികിത്സയിലില്ല. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 10 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 134 പേർക്ക് ഫോണിലൂടെയും സേവനം നൽകി. ജില്ലയിൽ 2219 സന്നദ്ധ സേന പ്രവർത്തകർ 8521 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.