labours

കൊടിയത്തൂർ: ലോക്ക് ഡൗൺ ലംഘിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ നൂറോളം അന്യസംസ്ഥാന തൊഴിലാളികളെ മുക്കം പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളെത്തിയത്. ഇതിന് നേതൃത്വം നൽകിയ മൂന്ന് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഇന്നലെ രാവിലെ ഒമ്പതിനാണ് ബംഗാളിൽ നിന്നും ഒഡീഷ്യയിൽ നിന്നുമുള്ള തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലെത്തിയത്. ലോക്ക് ഡൗൺ കാരണം ജോലിയില്ലെന്നും പട്ടിണിയിലാണെന്നും തൊഴിലാളികൾ പറഞ്ഞു. എന്നാൽ അതത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ ആവശ്യപ്പെട്ടാൽ സ്‌പെഷ്യൽ ട്രെയിനിൽ അയക്കുമെന്നും അതിന് ശ്രമിക്കുകയാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. എന്നാൽ നാട്ടിലേക്ക് പോകാനുള്ള സംവിധാനം ഒരുക്കാതെ പിരിഞ്ഞുപോകില്ലെന്ന് തൊഴിലാളികൾ നിലപാടെടുത്തതോടെയാണ് മുക്കം പൊലീസിൽ വിവരമറിയിച്ചത്. തുടർന്നാണ് പൊലീസെത്തി ലാത്തി വീശിയത്. വിരണ്ടോടുന്നതിനിടയിൽ ചിലർക്ക് ലാത്തിയടിയുമേറ്റു.

അതേസമയം തൊഴിലാളികൾ പട്ടിണിയിലാണെന്ന് പറയുന്നത് ശരിയല്ലെന്ന് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള പറഞ്ഞു. ഇവർക്ക് മൂന്ന് തവണ സൗജന്യമായി അരിയും പല വ്യഞ്‌ജന കിറ്റും നൽകി. ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു.