പാലക്കാട്: അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാളയാറിലൂടെ ഇന്നലെ കേരളത്തിലെത്തിയത് 2377 പേർ. വൈകിട്ട് ആറുവരെയുള്ള കണക്ക് പ്രകാരം 1063 വാഹനങ്ങളിലായി 1713 പുരുഷന്മാരും 458 സ്ത്രീകളും 206 കുട്ടികളും അതിർത്തി കടന്നെത്തി. ഒമ്പത് വാഹനങ്ങളിലായി 23 യാത്രക്കാർ സംസ്ഥാനത്തിന് പുറത്തേക്കും പോയി.
സേലത്ത് നിന്നെത്തിയ മൂന്ന് ഹോമിയോ വിദ്യാർത്ഥികളിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമെത്തിയ കോഴിക്കോട്, കണ്ണൂർ സ്വദേശികളായ ഇവരെ പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പരിശോധിച്ച് സാമ്പിളെടുത്ത ശേഷമാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ചെന്നൈയിൽ നിന്ന് പാലക്കാട്ടേക്ക് വന്ന വ്യക്തിക്ക് വാളയാറിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 54കാരനായ കോങ്ങാട് സ്വദേശി അപകട നില തരണം ചെയ്തിട്ടില്ല. ഇദ്ദേഹത്തിന്റെ സാമ്പിളും പരിശോധനയ്ക്കെടുത്തു.