kunnamangalam-news

കുന്ദമംഗലം: പൊതുപ്രവർത്തകരും സുഹൃത്തുക്കളുമായ അഡ്വ.ഷമീറിന്റെയും അസീസ് ചേരിഞ്ചാലിന്റെയും കാരുണ്യ പ്രവർത്തനമാണ് നാട്ടിലിപ്പോൾ മുഖ്യസംസാരം. കൊവിഡ് പ്രതിരോധം കടുപ്പിച്ചപ്പോൾ വീടുകളിൽ കുടുങ്ങിപ്പോയവരുടെ അടുക്കലേക്ക് ഭക്ഷ്യക്കിറ്റുമായെത്തുന്ന ഇരുവരെയും സ്നേഹംകൊണ്ട് പൊതിയുകയാണ് നാട്ടുകാർ. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 15, 19 വാർഡുകളിൽ നിന്നായിരുന്നു തുടക്കം. ഇപ്പോൾ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും ഇവരുടെ സാന്നിദ്ധ്യമുണ്ട്. നിർദ്ധനരായ ആയിരത്തോളം പേരുടെ വീടുകളിൽ ആറ് തവണയാണ് കിറ്റുകളെത്തിച്ചത്. പച്ചക്കറി, പലവ്യഞ്ജനം, ചക്ക, പഴങ്ങൾ എന്നിങ്ങനെ ആഴ്ചയിൽ വ്യത്യസ്ത കിറ്റുകളാണ് നൽകുന്നത്. കൂടാതെ വിഷു, റംസാൻ കിറ്റുകൾ വേറെയും.

കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള ഉദാരമതികളുടെ സംഭാവനയാണ് ഇവരുടെ കരുത്ത്. തങ്ങളുടെ പ്രദേശമായ ചേരിഞ്ചാലിലും കുന്ദമംഗലം പഞ്ചായത്തിലും ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന നിർബന്ധമാണ് ഈ കൂട്ടുകാർക്കുള്ളത്. ഒന്നാം പ്രളയകാലത്തും ഷമീറിന്റെയും അസീസിന്റെയും കാരുണ്യപ്രവർത്തനം ഏറെ ചർച്ചയായതാണ്.