കോഴിക്കോട്: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എക്‌സൈസ് സംഘം ഇതിനകം പിടികൂടിയത് 22, 775 ലിറ്റർ വാഷും 124 ലിറ്റർ ചാരായവും. 1. 030 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. അബ്കാരി നിയമപ്രകാരം 130 കേസുകളിലായി ആകെ അറസ്റ്റിലായത് 31 പേരാണ്.
മദ്യശാലകൾ അടച്ചുപൂട്ടിയ പശ്ചാത്തലത്തിൽ വ്യാജചാരായം നിർമ്മാണം വ്യാപകമായി മാറിയതോടെ എക്സൈസ് സംഘങ്ങൾ പരക്കെ വേട്ടയും തുടങ്ങിയിരുന്നു. വീടുകൾ കേന്ദ്രീകരിച്ചുവരെ പുത്തൻരീതിയിൽ പ്രഷർ കുക്കർ ഉപയോഗിച്ച് വാറ്റ് നിർമ്മാണം തുടങ്ങിയ സാഹചര്യത്തിൽ അരിച്ചുപെറുക്കിയുള്ള കർശന പരിശോധനയാണ് ജില്ലയിൽ തുടരുന്നത്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.ആർ.അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ജില്ലയിൽ ആറ് സ്‌പെഷൽ സ്‌ക്വാഡുകൾ റെയ്ഡിനായുണ്ട്. പലയിടത്തും പൊലീസിന്റെ സഹായത്തോടെയും പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്.
മദ്യലഭ്യത ഇല്ലാതായതോടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ആറു പേരെ എക്സൈസ് നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതിൽ നാല് പേരെ ഡിസ്ചാർജ് ചെയ്തു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സജ്ജീകരിച്ച വിമുക്തി ഹെല്പ് ഡെസ്‌കിലൂടെ സൗജന്യമായി കൗൺസലിംഗ് നൽകുന്നുണ്ട്. സേവനം ആവശ്യമായി വരുന്നവർക്ക് ഫോണിൽ ബന്ധപ്പെടാം. നമ്പർ: 91884 68494.
''വ്യാജവാറ്റ് തടയാനായി താലൂക്ക് തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കളക്ടറേറ്റിൽ വിമുക്തി ഹെല്പ് ഡെസ്‌കും സേവനസജ്ജമാണ്. ഫോണിൽ ബന്ധപ്പെടുകയേ വേണ്ടൂ.
വി.ആർ അനിൽകുമാർ,
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ
അബ്കാരി കേസുകൾ- 130
അറസ്റ്റിലായവർ -31
റെയ്ഡിനായി - 6 സ്‌പെഷൽ സ്‌ക്വാഡുകൾ