കോഴിക്കോട്: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി മാസ്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കിയ സാഹചര്യത്തിൽ ലഭ്യത ഉറപ്പുവരുത്താനാണ് സൗജന്യമായി മാസ്ക് നിർമ്മിച്ചു നൽകുന്നതെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും കോർപ്പറേഷൻ പാളയം വാർഡ് കൗൺസിലറുമായ പി.ഉഷാദേവി ടീച്ചർ പറഞ്ഞു. പാളയം സാമൂതിരി ക്രോസ് റോഡിന് സമീപത്തെ റോഷി സ്‌കൂൾ ഓഫ് ഹാന്റിക്കാപ്ഡിലാണ് മാസ്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസ് പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റുമാരായ എസ്.പി. കൃഷ്‌ണവേണി, വി.എം. ജമീല, മണ്ഡലം പ്രസിഡന്റ് കോമളവല്ലി നന്ദൻ, മിനിത, പ്രിയദർശിനി അംഗങ്ങളായ അലീന രൂപേഷ് , അഷിത ജയൻ എന്നിവർക്കാണ് മാസ്ക് നിർമ്മിക്കാനുള്ള ആദ്യ ദിവസത്തെ ചുമതല.
ഒരു ദിവസം 2000 മാസ്കുകൾ തയ്ക്കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലു വരെയാണ് പ്രവർത്തന സമയം. കഴുകി ഉപയോഗിക്കാൻ കഴിയുന്ന കോട്ടൺ തുണികൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി, പൊലീസ് സ്‌റ്റേഷൻ, പാളയം പച്ചക്കറി മാർക്കറ്റ്, പുതിയ സ്റ്റാൻഡ് എന്നിവിടങ്ങളിൽ നാളെ മുതൽ വിതരണം ചെയ്യും.