വടകര: ലോക്ക് ഡൗൺ വിരസതയകറ്റാൻ കുപ്പികളിൽ ചിത്രങ്ങൾ തീർത്ത് കുരുന്ന് പ്രതിഭകൾ. വടകര പണിക്കോട്ടി തൊണ്ടികുളങ്ങര എൽ.പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി എം.പി. രാധികയും മേപ്പയിൽ ഈസ്റ്റ് സീനിയർ ബേസിക് സ്കൂൾ ഏഴാം ക്ലാസുകാരി രവീണ എസ്. ലാലുമാണ് ഈ മിടുക്കികൾ. സഹോദങ്ങളുടെ മക്കളായ ഇവർ വീടുകളിരുന്നാണ് മത്സരിച്ച് കുപ്പികളിൽ വർണചിത്രങ്ങൾ മെനയുന്നത്. ഇവരുടെ സൃഷ്ടികൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മത്സരം മുറുകി.
പരിസരങ്ങളിൽ നിന്ന് ശേഖരിച്ച കുപ്പികളിൽ ഫാബ്രിക് - അക്രിലിക് - ഗ്ലാസ് പെയിന്റുകൾ വിതറിയാണ് ചിത്രമെഴുത്തിന്റെ തുടക്കം. തുടർന്ന് മുത്തുകളും മറ്റു പാഴ് വസ്തുക്കളും ഒട്ടിച്ച് കൂടുതൽ മനോഹരമാക്കി ബോട്ടിൽ ആർട്ട് പൂർത്തിയാക്കും. യൂ ട്യൂബിലൂടെ വ്യത്യസ്‌ത മോഡലുകളുടെ നിർമ്മാണരീതി പഠിക്കുകയായിരുന്നുവെന്ന് രാധിക പറഞ്ഞു. ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ചോക്ക് നിർമ്മാണത്തിൽ ഈ മിടുക്കി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പരപ്പനങ്ങാടി ജി.എം.എൽ.പി സ്‌കൂളിലെ അദ്ധ്യാപകൻ എം.പി. രഞ്ജിത്ത് ലാലിന്റെയും കെ.ഷിനുവിന്റെയും മകളാണ്.
വടകര കുട്ടോത്ത് ശ്രീനികേതത്തിൽ രവീണ എസ്. ലാൽ കുപ്പികളിൽ ഫാബ്രിക് പെയിന്റ്, വിവിധയിനം നൂലുകൾ, കളർ ചെയ്ത അരിമണികൾ എന്നിവയാണ് ഉപയോഗിക്കുന്നത്. പാഴ് വസ്തുക്കൾ കൗതുകരൂപങ്ങളാക്കുന്നതിലും വിദഗ്ദ്ധയാണ്. സ്കൂൾ ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. പിതാവ് ശരത്ത് ലാൽ കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറിയും അമ്മ എസ്.ജെ. ശ്രീജ വടകര കോടതി ജീവനക്കാരിയുമാണ്. മടപ്പള്ളി കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ് സഹോദരൻ രഥുൽ എസ്. ലാൽ.