കൽപ്പറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ 12 ഏക്കർ കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നം കമ്പോളവില നൽകി പരിഹരിക്കുന്നതിന് സർക്കാർ നീക്കം തുടങ്ങി. ഭൂമിയുടെ കമ്പോളവില നിർണയിക്കുന്നതിനു കമ്മിറ്റി രൂപീകരിച്ചു. മാനന്തവാടി തഹസിൽദാർ, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ, വനം വകുപ്പ് പ്രതിനിധി എന്നിവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി.

കാഞ്ഞിരത്തിനാൽ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമിയുടെ കമ്പോളവില നിർണയിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ലയ്ക്കു നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ സി.കെ.ശശീന്ദ്രൻ എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് കമ്മിറ്റിക്കു രൂപം നൽകിയത്.

ഭൂമി തിരികെ ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബാംഗം കെ.കെ.ജയിംസ് 2015 ഓഗസ്റ്റ് 15 മുതൽ കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തിവരികയാണ്.
തുല്യ അളവിൽ പകരം ഭൂമി നൽകാമെന്ന നിർദേശം കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ അംഗീകരിച്ചില്ല. എന്നാൽ ഭൂമിക്കു പകരം കമ്പോളവില ലഭ്യമാക്കിയാൽ സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഏപ്രിൽ ആറിനു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചു. ഇതിനു പിന്നാലെയാണ് വസ്തുവിന്റെ കമ്പോളവില കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കു നിർദേശം ലഭിച്ചത്. സ്ഥലം, അതിലുണ്ടായിരുന്ന വീട്, നിലവിലുള്ള മരങ്ങൾ എന്നിവയുടെ വിലയാണ് സർക്കാർ മാനദണ്ഡങ്ങളനുസരിച്ചു കമ്മിറ്റി കമ്പോളവിലയായി കണക്കാക്കുക. ഈ മാസംതന്നെ റിപ്പോർട്ട് സമർപ്പിക്കനാണ് നിർദേശം.