മാനന്തവാടി: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത വേനൽ മഴയിലും കാറ്റിലും മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പടിഞ്ഞാറത്തറ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ നാശം. വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശി തെക്കേച്ചെരുവിൽ ഷൈബിയുടെ 800 വാഴകൾ കാറ്റിൽ നശിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് ഷൈബിയുടെ വാഴ കാറ്റിൽ നശിക്കുന്നത്. വൻ തുക മുടക്കി കാറ്റിൽ നിന്ന് വാഴയെ രക്ഷപ്പെടുത്തുന്നതിന് നടത്തിയ ജോലികളെല്ലാം പാഴായി. വർഷങ്ങളായി വാഴ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബം അടുത്തിടെയാണ് പുതിയ വീട് പണിത് ഗൃഹപ്രവേശം നടത്തിയത്. ഈയിനത്തിൽ ലക്ഷങ്ങളുടെ കടബാധ്യതയുണ്ടന്ന് ഷൈബി പറഞ്ഞു.

വെള്ളമുണ്ട കൃഷിഭവന് കീഴിൽ മാത്രം ഈയാഴ്ച നാല്പതിനായിരത്തിലധികം നേന്ത്രവാഴകൾ നശിച്ചിട്ടുണ്ടന്ന് കൃഷി ഓഫീസർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പലർക്കും ഇപ്പോഴും ലഭിക്കാനുണ്ട്.